രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി കൈയടി നേടി; കെപിസിസി യോഗത്തില്‍ വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക്
ചൊവ്വ, 21 ഓഗസ്റ്റ് 2018 (17:07 IST)
സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ സര്‍ക്കാരിന് വന്ന വീഴ്‌ച തുറന്നു കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് കെപിസിസിയില്‍ വിമര്‍ശനം. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും കെ മുരളീധരനടക്കമുള്ള നേതാക്കള്‍ തുറന്നടിച്ചു.
സര്‍ക്കാര്‍ നടത്തുന്ന രഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കേണ്ടതായിരുന്നു എന്ന് മുരളീധരന്‍ വ്യക്തമാക്കിയപ്പോള്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെടണമായിരുന്നെന്ന് കെ പി അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരായി. അക്കാര്യത്തില്‍ വലിയ വീഴ്‌ചയാണ് സര്‍ക്കാരിനുണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു. സമാന അഭിപ്രായം തന്നെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വ്യക്തമാക്കിയത്.
മുന്നറിയിപ്പുകള്‍ ലഭിക്കാതെ വന്നപ്പോള്‍ ജനങ്ങള്‍ ഏറെ പരിഭ്രാന്തരായി. ഡാമുകള്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ തുറന്നു വിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വീഴ്‌ചകള്‍ മറയ്‌ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്‌ക്കിടെ മാധ്യമങ്ങളെ കാണുന്നത്. ഇതെല്ലാം തുറന്നു പറയാന്‍ കെപിസിസി അംഗങ്ങള്‍ ശ്രമിക്കേണ്ടതെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു.