പ്രളയം മനുഷ്യനുണ്ടാക്കിയത്, ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു; സർക്കാരിനും കെഎസ്ഇബിക്കുമെതിരെ രമേശ് ചെന്നിത്തല

ബുധന്‍, 22 ഓഗസ്റ്റ് 2018 (11:26 IST)
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് കാരണം സർക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകൾ തുറക്കാൻ വൈകിയതും, മുന്നറിയിപ്പില്ലാതെ തുറന്നതുമാണ് ഇത്രയധികം പ്രളയത്തിനും മരണത്തിനും കാരണമായതെന്ന് ചെന്നിത്തല പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 
 
മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇടുക്കി ഡാം തുറക്കുന്നതിൽ താമസമുണ്ടാക്കി. ലാഭക്കൊതിയുള്ള ഉദ്യോഗസ്ഥർ അവസ്ഥ കാണിച്ചു. ചെറിയ ഡാമുകൾ തുറന്നതുകൊണ്ട് 2013ലെ പ്രളയത്തെ തടയാൻ കഴിഞ്ഞു. ഇതേരീതി തന്നെയായിരുന്നു ഇത്തവണയും ചെയ്തിരുന്നതെങ്കിൽ പ്രളയത്തെ തടയാൻ കഴിയുമായിരുന്നു.- ചെന്നിത്തല വ്യക്തമാക്കി. 
 
കനത്തമഴ ഉണ്ടായി. പക്ഷേ, ചെങ്ങന്നൂർ അടക്കമുള്ള സ്ഥലങ്ങളിൽ യാതോരു മുന്നറിയിപ്പുമില്ലായിരുന്നു. ഒരിക്കലും വെള്ളത്തിൽ മുങ്ങേണ്ട സ്ഥലമല്ല ചെങ്ങന്നൂർ. പമ്പയിലെ 9 ഡാമുകൾ നേരത്തേ തന്നെ തുറക്കാമായിരുന്നു. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് ജില്ലാ അധികാരികളെ പോലും അറിയിക്കാതെയാണ് തുറന്നത്. സർക്കാരിന്റേയും അധികാരികളുടേയും പിടിപ്പുകേടാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്ന് ചെന്നിത്തല ആരോപിച്ചു. 
 
ഒരു നിർദേശങ്ങളും ഇല്ലാതെയാണ് ഡാമുകൾ തുറന്നത്. അപ്പർ ഷോളയാർ തുറക്കുന്നതിൽ നിന്നും സർക്കാരിന് തമിഴ്നാടിനെ പിൻ‌തിരിപ്പിക്കാമായിരുന്നു. ഷോലയാർ ഡാം തമിഴ്നാട് തുറന്നതോടെ ചാലക്കുടിയിൽ ദുരിതം ഇരട്ടിയാക്കി. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് കേരളം ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. - ചെന്നിത്തല പറഞ്ഞവസനാപ്പിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍