ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജെസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടം പൊലീസ് വീണ്ടും പരിശോധിക്കുമെന്നു സൂചന. നാളെ രാവിലെ വീണ്ടും ഇവിടെയെത്തി നിർമാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാനാണു പൊലീസ് ആലോചിക്കുന്നത്.
കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന അന്വേഷണ സംഘം ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്ത് പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. മുണ്ടക്കയത്തെ ഏന്തയാറിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒരാഴ്ച്ച മുമ്പായിരുന്നു പരിശോധന.
ജെസ്നയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാൻ മുക്കൂട്ടുതറയിലും ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലുമടക്കം പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ജെസ്നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയിൽ കെട്ടിടത്തിനടിയിൽ ഒളിപ്പിച്ചുവെന്ന തരത്തിലുള്ള സൂചനകൾ ഇതിൽനിന്നാണു പൊലീസിനു ലഭിച്ചത്.
ജെസ്ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജെസ്ന മൊബൈൽ ഫോണിൽ ആൺ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു.