'ഞാൻ ജെസ്‌നയുടെ കാമുകനല്ല, അവൾക്ക് ആരോടെങ്കിലും പ്രണയമുണ്ടായതായി അറിയില്ല’- യുവാവ് പറയുന്നു

വെള്ളി, 22 ജൂണ്‍ 2018 (10:16 IST)
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നു. അതേസമയം, താൻ ജസ്നയുടെ കാമുകനല്ലെന്ന് സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജെസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുള്ളതായി അറിയില്ലെന്നും ഇയാൾ പറയുന്നു. 
 
മരിക്കാൻ പോകുന്നുവെന്നാണ് ജെസ്‌ന അവസാനമായി അയച്ച സന്ദേശം. മുൻപും ഇത്തരം മെസേജുകൾ അയച്ചിട്ടുണ്ട്. സന്ദേശത്തിന്റെ കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്ന് യുവാവ് പറയുന്നു.
 
അതേസമയം, കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
 
മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടതായാണ് പൊലീസിന് ലഭിച്ച സൂചനകള്‍. ദീര്‍ഘദൂരയാത്രക്ക് ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
 
സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പൊലീസ് ആദ്യം ശ്രമിക്കുക. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ ജസ്‌ന അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയതാകാനാണ് സൂചന. അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍