കമ്മാര സംഭവം; ആദ്യ വിവാദം ഗോപി സുന്ദര്‍ വക - ഒടുവില്‍ തലയൂരി പ്രമോഷന്‍ ടീം

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (11:29 IST)
ദിലീപ് നായകനായ കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വീഡിയോയില്‍ നിന്ന് തന്റെ പ്രസംഗം ഒഴിവാക്കിയതിനെതിരെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സിനിമയുടെ പ്രമോഷന്റെ ചുമതലയുള്ളവര്‍ യൂ ട്യൂബിലിട്ട വീഡിയോയില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം നീക്കം ചെയ്‌തത്.

ഗോപി സുന്ദര്‍ തന്നെയാണ് ഈ കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചത്.

“കമ്മാര സംഭവം ഓഡിയോ ലോഞ്ചില്‍ സംഗീത സംവിധായകന്റെ സ്പീച്ച് ആരും യൂ ട്യൂബിലിട്ടില്ല. ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ എനിക്ക് അയച്ചു തരൂ. സംഗീത സംവിധായകനെ ഒഴിവാക്കിയ പ്രമോഷന്‍ ടീമിന് നന്ദി ”- എന്നും ഗോപി സുന്ദര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

സംഗീത സംവിധായകന്റെ പോസ്‌റ്റ് വൈറലായതോടെ പ്രമോഷന്‍ ടീം തങ്ങളുടെ തെറ്റ് തിരുത്തിയതിന് പിന്നാലെ മറ്റൊരു പോസ്‌റ്റുമായി ഗോപി സുന്ദര്‍ വീണ്ടും എത്തി. “ഹാവൂ എന്റെ പരാതി തീര്‍ന്നു, കരയുന്ന കുട്ടിക്കേ പാലുള്ളൂ, എന്റെ വികാരങ്ങളെ മാനിച്ചവര്‍ക്ക് നന്ദി. ആരെയും കുറ്റം പറയാനില്ല, ജയ് കമ്മാര സംഭവം ”- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്.

വലിയ ആഘോഷത്തോടെയാണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്‌ത കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. എന്നും കൂടെയുണ്ടായിരുന്ന പ്രേഷകരോട് മാത്രമാണ് തനിക്ക് കടപ്പാട് ഉള്ളതെന്ന് ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു. തനിക്ക് ഇത് രണ്ടാം ജന്മം ആണെന്നും. കമ്മാരസംഭവം സംഭവിച്ചത് തമിഴ് നടന്‍ സിദ്ധാര്‍ഥിന്റെ നല്ല മനസുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article