പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില് ജെയിംസ് ജോസഫിന്റെ മകള് ജെസ്ന മരിയ ജെയിംസിനെ (20) കാണാതയിട്ട് ഇന്നേക്ക് 72 ദിവസമാകുന്നു. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്. പൊലീസുകാർ സംഘങ്ങളായി അന്വേഷിച്ചിട്ടും ഇതുവരെ ഒരു വിവരവും ഉണ്ടായില്ല.
അവൾ എവിടെയെങ്കിലും സുരക്ഷിതയായി കഴിയുന്നുണ്ടാകണേ എന്നാണ് കേരളക്കര ഒട്ടാകെ പ്രാർത്ഥിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കാഞ്ചീപുരം ചെങ്കൽപേട്ടിന് സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണെന്ന സംശയത്തിൽ പൊലീസ് ഇന്ന് പരിശോധിക്കും.
തമിഴ്നാട് പൊലീസ് വിവരം നൽകിയതിനെത്തുടർന്നാണ് കേരള പൊലീസ് സംഘം ഇന്നലെ രാത്രി ചെങ്കല്പേട്ടെത്തിയത്. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുൾപ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ സ്ഥിരീകരണത്തിനു ഡിഎൻഎ പരിശോധന നടത്തേണ്ടിവരും. ജെസ്നയുടേതുപോലെ മൃതദേഹത്തിൽ പല്ലിന് ക്ലിപ്പുണ്ട്. മറ്റ് കാര്യങ്ങളിലും സാമ്യതയുണ്ട്.
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘം കാണുകയും മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. ജെസ്നയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്നയുടേതായ ചെറിയ സാമ്യതകൾ കണ്ടതിനെത്തുടർന്നാണ് ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറിയത്.