സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിന് മാത്രമായി പ്രത്യേക മന്ത്രി വേണമെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ ജോലിഭാരം കണക്കിലെടുത്താണ് പുതിയ നീക്കത്തിന് ആവശ്യമുയർന്നത്. എന്നാൽ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പാർട്ടിയുമാണ് ഇത് തീരുമാനിക്കേണ്ടത്, ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രിയെ നിയോഗിക്കാൻ പോളിറ്റ് ബ്യൂറോ നിർദ്ദേശിക്കില്ല.
സംസ്ഥാനത്തുണ്ടാകുന്ന അതിക്രമങ്ങൾ രാഷ്‌ട്രീയ നിലപാടുകളെ തന്നെ ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. കഴിഞ്ഞ വർഷത്തെ കേന്ദ്രകമ്മറ്റിയിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്‌ചകൾ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഉചിതമായ തിരുത്തലുകൾ അന്നേ ആവശ്യപ്പെട്ടിരുന്നു.
തിരുത്തലുകൾ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും എന്നാൽ വിമർശനങ്ങൾ മാത്രം ആവർത്തിക്കപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ ആഭ്യന്തര വകുപ്പിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വേണമെന്നത് ആവശ്യമാണെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞു.