കെവിനെ കാണാതായ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടതായി റിപ്പോർട്ട്. വാർത്ത വന്നശേഷം സംഭവത്തിൽ ത്വരിതാന്വോഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി എസ്പി മുഹമ്മദ് റഫീഖിനെ നേരിട്ടു കോട്ടയം ടിബിയിലേക്കു വിളിച്ചുവരുത്തി. കാര്യക്ഷമമായ അന്വേഷണത്തിനു നിർദേശം നൽകുകയും ചെയ്തു.
എന്നാൽ സംഭവം ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്നായിരുന്നു എസ്പി മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയെ എസ് പി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു. അനാസ്ഥ വ്യക്തമായതോടെയാണു പിറ്റേന്നു മൃതദേഹം കണ്ടെത്തിയപ്പോൾ എസ്പിയുടെ സ്ഥാനം തെറിച്ചത്. എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹനയ്ക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.