കര്‍ണാടകയിലെ നിര്‍ണായകമായ വിശ്വാസ വോട്ട് പ്രോടേം സ്പീക്കര്‍ കെജി ബൊപ്പയ്യയുടെ നിയന്ത്രണത്തില്‍ നടക്കും. നിയമനത്തിനെതിരെ കോൺഗ്രസും ജെഡിഎസും നൽകിയ ഹർജി തീർപ്പാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ജസ്‌റ്റീസുമാരായ എകെ സിക്രി, എസ്എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് കോടതി പറഞ്ഞതോടെ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു.
ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നത് കീഴ്‌വഴക്കമാണ്, അത് നിയമമല്ല. നിയമാകാത്തിടത്തോളം വിഷയത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാകില്ല. ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ നോട്ടിസ് നൽകേണ്ടിവരും. അങ്ങനെയായാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
നിയമസഭാ നടപടികള്‍ എല്ലാ ചാനലുകള്‍ക്കും തത്സമയം സംപ്രേക്ഷണം ചെയ്യാം. നടപടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പും സത്യപ്രതിജ്ഞയും അല്ലാതെ മറ്റ് ഒരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്നും കോടതി ഉത്തരവ് നല്‍കി.
വിശ്വാസ വോട്ടെടുപ്പ് നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് - ജെഡിഎസ് അഭിഭാഷര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകുകയായിരുന്നു.