ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടി രഞ്ജിനി. അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി എന്തുകൊണ്ടും തെറ്റാണെന്ന് രഞ്ജിനി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്.
ദിലീപിനെ തിരിച്ചെടുത്തത് തീര്‍ത്തും തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പോലും അമ്മ ചര്‍ച്ച ചെയ്യരുതായിരുന്നു. തിരിച്ചെടുക്കേണ്ട എന്ത് ആവശ്യകതയയാണ് ഉള്ളത്. ദിലീപിനെതിരെ നിലവില്‍ കേസുണ്ട്. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി വിധിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം നിൽക്കുമ്പോൾ ദിലീപിനെ തിരിച്ചെടുക്കാൻ പാടുള്ളതല്ല. എതിരില്ലാത്തത് കൊണ്ടാണ് ദിലീപിനെ തിരിച്ചെടുത്തത് എന്ന വാദം നിലനില്‍ക്കില്ലെന്ന് രഞ്ജിനി പറയുന്നു.
നേരത്തെ തന്റെ പോരാട്ടം ദിലീപിനെതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ അമ്മയുടെ തീരുമാനങ്ങള്‍ക്കെതിരയാണ് താനെന്നായിരുന്നു രഞ്ജിനിയുടെ നിലപാട്. അമ്മ ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തന രീതി ഒട്ടും ശരിയല്ല. അമ്മയുടെ കോര്‍ കമ്മിറ്റി ഒന്നു പരിശോധിച്ച് നോക്കൂ. മുന്‍നിരയില്‍ ഒറ്റ സ്ത്രീകളുണ്ടാവില്ല. അത് ഭരിക്കുന്നത് മുഴുവന്‍ പുരുഷന്‍മാരാണ്. സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന് പറയേണ്ടി വരുമെന്ന് നടി പറയുന്നു.