മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ വെട്ടേറ്റ് കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ കേസിൽ ട്വിസ്റ്റ്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷക്കാരന്‍ എന്ന ലേബലില്‍ ആണ് മുഹമ്മദ് അറിയപ്പെട്ടിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാല്‍ കൊലപാതകത്തിന് ശേഷം മുഹമ്മദിന്റെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വേളയിലും മുഹമ്മദ് സപ്പോർട്ട് ചെയ്തത് സി പി എമ്മിനെയായിരുന്നു. മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതിനുദാഹരണമാണ്.
കേസിലെ ഒന്നാം പ്രതി കോളേജിലെ കാമ്പസ് ഫ്രണ്ട് നേതാവായ മുഹമ്മദ് ആണ്. ഇയാളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുഹമ്മദിന്റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളും പോലീസിന് ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു. 'കൈയ്യില്‍ പിടിച്ചത് ചെങ്കൊടിയാണെങ്കില്‍ നിവര്‍ക്ക് നില്‍ക്കാന്‍ എന്റെ നെഞ്ചിന് മടിയില്ല. കാരണം, ഞാനൊരു സഖാവാണ്', ' ചെങ്ങന്നൂര്‍... ജനങ്ങള്‍'... മുഹമ്മദിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളിലെ വാചകങ്ങള്‍ ഇവയൊക്കെ ആണ്.
സിപിഎമ്മില്‍ മത, വര്‍ഗ്ഗീയ ശക്തികള്‍ നുഴഞ്ഞുകയറുന്നു എന്ന ആരോപണം നേരത്തേ ഉയരുന്നതാണ്. അത്തരത്തില്‍ ഒരു നുഴഞ്ഞുകയറ്റത്തിന് മുഹമ്മദും ശ്രമിച്ചിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
അഭിമന്യുവിനെ കൊലപ്പെടുത്തിയത് സൈബര്‍ സഖാവ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മുമായോ എസ്എഫ്‌ഐയുമായോ ഒരു ബന്ധവും ഇല്ലാത്ത ഒരാളെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നാണ് ആരോപണം.