ശൈലിമാറ്റൂ അര്‍ബുദത്തെ അകറ്റൂ

Webdunia
PROPRO
ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റം പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നുണ്ട്. മാരകമായ പല രോഗങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങളില്‍ പറയുന്നത്.

ഇങ്ങനെ മനസിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കുന്ന ജീവിതശൈലി സ്വീകരിക്കുന്നത് കൊണ്ടാണ് അര്‍ബുദം ഉള്‍പ്പെടെയുളള രോഗങ്ങള്‍ വ്യാപകമാകുന്നതെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അടുത്തിടെ ബ്രിട്ടനിലെ ഓഹിയോ സര്‍വകലാശാലയില്‍ നടന്ന പഠന പ്രകാരം ജീവിതത്തില്‍ നിന്ന് സംഘര്‍ഷത്തെ ഒഴിച്ച് നിര്‍ത്തിയാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാമെന്നാണ് കണ്ടെത്തിയത്.

സ്ത്നാര്‍ബുദവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം കൈവരിച്ച് വന്ന സ്ത്രീകളെയാണ് പഠന വിധേയമാക്കിയത്. ഇവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും മനസംഘര്‍ഷം കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനായി. ബാര്‍ബറ ആന്‍ഡേഴ്സന്‍റെ നേതൃത്വത്തില്‍ 1994ലാണ് പഠനം നടത്തിയത്. സ്തനാര്‍ബുദ ശസ്ത്രകിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വന്ന 227 സ്ത്രീകളിലാണ് പഠനം നടന്നത്. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിച്ച് മനസംഘര്‍ഷത്തിന് അടിമപ്പെടാതെ ജീവിച്ചവര്‍ക്ക് രോഗം ആവര്‍ത്തിക്കുകയുണ്ടായില്ലെന്നും കൂടുതല്‍ കാലം ജീവിച്ചിരിക്കാനായി എന്നും കണ്ടെത്തുകയുണ്ടായി.