ലാപ്ടോപ്പിനെ താലോലിക്കണോ?

Webdunia
PROPRO
കമ്പ്യൂട്ടര്‍ പ്രേമിയായ നിങ്ങള്‍ മടിയില്‍ വച്ച്‌ കുട്ടികളെ താലോലിക്കണോ, ലാപ്‌ടോപ്പിനെ താലോലിക്കണോ എന്ന് ആലോചിക്കാന്‍ ഒരു വിഷയം തരികയാണ് അമേരിക്കന്‍ ഗവേഷകര്‍. ലാപ്ടോപ്പ്‌ സ്ഥിരമായി മടിയില്‍ വയ്ക്കുന്നത്‌ വന്ധ്യരാക്കിയേക്കാം എന്ന ഭീഷണി ഉയര്‍ത്തിയാണ് ലാപ് ടോപ്പിനെ താലോലിക്കുന്നത് നിറുത്താന്‍ പറയുന്നത്.

ലാപ്ടോപ്പ്‌ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത്‌ മൂലം അമിതമായി ചൂട്‌ ഉണ്ടാകുന്നത്‌ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ വന്ധ്യനാക്കിയേക്കാമെന്നാണ്‌ അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്‌. അമിതമായി ലാപ്ടോപ്പ്‌ ഉപയോഗിക്കുന്നത്‌ ജീവിതചര്യമുണ്ടാക്കുമെന്ന്‌ നേരത്ത തന്നെ വൈദ്യസമൂഹം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്. ലാപ്ടോപ്പ്‌ ചൂടാകുന്നതും പ്രശ്നമാണെന്നാണ്‌ ഇപ്പോള്‍ അവര്‍ ചൂണ്ടികാട്ടുന്നത്‌.

ഇരുപത്തിയൊന്നിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഇരുപത്തിയൊമ്പത്‌ പുരുഷന്മാരെ ഒരു മണിക്കൂറോളം നിയന്ത്രിത കാലാവസ്ഥയില്‍ ലാപ്ടോപ്പ്‌ ഉപയോഗിക്കാന്‍ അനുവദിച്ചതിന്‌ ശേഷം നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌.

കമ്പ്യുട്ടര്‍ എക്സിക്യൂട്ടീവ്കളെ പോലെ വേഷംധരിച്ച പുരുഷന്മാരെയാണ്‌ പരീക്ഷണത്തിന്‌ വിധേയരാക്കിയത്‌. കുറേ പേര്‍ കമ്പ്യൂട്ടര്‍ മടിയില്‍ വച്ചും മറ്റുള്ളവര്‍ അല്ലാതെയുമാണ്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചത്‌.

ഒരോ മുന്ന്‌ മിനിറ്റ്‌ ഇടവിട്ട് ഇവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില രേഖപ്പെടുത്തി. ലാപ്ടോപ്പ്‌ മടിയില്‍ വച്ച്‌ ഉപഗിച്ചവരുടെ പ്രത്യുത്പാദന അവയവങ്ങളുടെ താപനില വന്ധ്യത ഉണ്ടാക്കുന്ന അളവില്‍ ഉയര്‍ന്നതായിരുന്നു. ലാപ്ടോപ്പുകള്‍ മടിയില്‍ വച്ച്‌ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഇക്കാര്യം ഓര്‍മ്മിക്കണമെന്നാണ്‌ ഗവേഷകര്‍ നിര്‍ദേശിക്കുന്നത്‌.