നെറ്റില്‍ ജിഗോള പ്രലോഭനവും

Webdunia
PROPRO
സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന ഇന്ത്യയില്‍ ഏറ്റവും പുതിയ തട്ടിപ്പ് അരങ്ങേറുന്നത് ജിഗോള സംസ്ക്കാരവുമായി ബന്ധപ്പെട്ടാണ്. സ്വന്തമായി രൂപപ്പെടുത്തിയിരിക്കുന്ന സൈറ്റുകളിലൂടെ പുരുഷവേശ്യ ആകാന്‍ ക്ഷണിക്കുകയും റജിസ്ട്രേഷന്‍ എന്ന പേരില്‍ വന്‍ തുകകള്‍ തട്ടുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ശക്തമാകുന്നു.

ജിഗോളയാകാന്‍ യുവാക്കളെ ക്ഷണിക്കുകയും പണം തട്ടുകയും ചെയ്യുന്ന ഗ്രൂപ്പുകള്‍ പെരുകുന്നതായി പറയുന്നു. എന്നാല്‍ തട്ടിപ്പിനിരയായവര്‍ ഇതുവരെ പൊലീസില്‍ പരാതി പോലും സമര്‍പ്പിച്ചിട്ടില്ലത്രെ.

ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ഒരു കോള്‍ സെന്‍റര്‍ ജോലിക്കാരനായ യുവാവിന്‍റെ വിവരം പുറത്തു വിട്ടിരിക്കുകയാണ്. ഒരു കോള്‍ സെന്‍റര്‍ പ്രൊഫഷണലായ ഇയാള്‍ സാമൂഹ്യ സൈറ്റ് വഴി സൌഹൃത്തിലായ ചില ആള്‍ക്കാര്‍ വഴി പൊലീസില്‍ പോലും പരാതിപ്പെടാനാകാത്ത വിധം ഗംഭീര തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കോള്‍ സെന്‍റര്‍ ജീവനക്കാരന്‍ നെറ്റില്‍ പരതുന്നതിനിടയിലാണ് ജിഗോളയാകാനും ആയിരക്കണക്കിനു രൂ‍പ സമ്പാദിക്കാമെന്നുമുള്ള പ്രലോഭനത്തോടു കൂടിയതുമായ ഒരു സൈറ്റില്‍ എത്തുന്നത്. കടങ്ങള്‍ ധാരാളമുള്ള ഇയാള്‍ പെട്ടെന്ന് തന്നെ ഇതില്‍ ആകൃഷ്ടനായി. പോരാത്തതിന് ഒരിക്കല്‍ പോലും പെണ്ണിനെ തൊട്ടിട്ടില്ല എന്ന ചിന്തയും.

രണ്ടു കാര്യങ്ങളും ഒന്നിച്ചു ലഭിക്കുന്ന അവസരം കളയണ്ടെന്ന് കരുതിയ ഇയാള്‍ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു. നാല് വര്‍ഷം മുമ്പ് മീററ്റില്‍ നിന്നും ഡല്‍‌ഹിയില്‍ പഠിക്കാനെത്തിയതാണ് യുവാവ്. സൈറ്റില്‍ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ റജിസ്റ്റര്‍ ചെയ്യാന്‍ 2000 രൂപയും തിരിച്ചറിയാന്‍ ഫോട്ടോയും ആയി വരാനായിരുന്നു നിര്‍ദേശം.

മുന്‍പ് പറഞ്ഞതു പോലെ തന്നെ സൌത്ത് ഡല്‍ഹി പാര്‍ക്കിലെത്തിയ വിദ്യാര്‍ത്ഥി അവിടെയെത്തിയ രണ്ടംഗ സംഘം നല്‍കിയ ഫോറം പൂരിപ്പിച്ചു നല്‍കുകയും ഫോട്ടോ പതിക്കുകയും ചെയ്തു. അവര്‍ പറഞ്ഞ പണവും യുവാവ് നല്‍കി. വിശ്വാസ്യതയ്‌ക്കായി ഒട്ടേറേ അപേക്ഷകരുടെ ഫോറമുകളും സംഘം കാണിച്ചു. ഇന്ത്യയില്‍ പുരുഷ വേശ്യയ്‌ക്ക് നിയമ സാധുതയില്ലെന്ന് പറഞ്ഞു മനസ്സിലാക്കിയ സംഘം ഏതാനും നിര്‍ദ്ദേശം നല്‍കിയ ശേഷം അപ്രത്യക്ഷമായത്രേ.

കക്ഷികള്‍ വരുന്നത് അനുസരിച്ച് ബന്ധപ്പെടാം എന്നായിരുന്നു സംഘത്തിന്‍റെ വാഗ്ദാനം. എന്നാല്‍ ഈ സംഭവത്തിനു ശേഷം അവരുടെ പൊടിപോലും യുവാവിനു കണ്ടെത്താനായില്ല. അബദ്ധം പറ്റിയ കാര്യം തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞില്ലെന്നാണ് തട്ടിപ്പിനിരയായ വ്യക്തി പറയുന്നത്.

എന്നാല്‍ വിര്‍ച്വല്‍ വേള്‍ഡിനു പുറത്തെ ഇത്തരം ജിഗോള സംഘങ്ങള്‍ ധാരാളമായി ഉണ്ടെന്ന് പൊലീസ് പറയുന്നുണ്ട്. അതേസമയം തന്നെ ഇതിന്‍റെയെല്ലാം മറവില്‍ സൈബര്‍ വഞ്ചനകളും അടുത്ത കാലത്തായി പെരുകുന്നുണ്ടെന്നും എന്നാല്‍ ആരും ഇതുവരെ ഇക്കാര്യത്തില്‍ പരാതിപെട്ടിട്ടില്ലെന്നും ഇക്കണോമിക് ഒഫന്‍സസ് വിംഗ് പറയുന്നു.