ഐ ടി വഴി ഇലക്ഷന്‍ പ്രചരണം

Webdunia
PTIFILE
പോസ്റ്ററുകള്‍, ബാനറുകള്‍, സ്ലൈഡുകള്‍ പ്രചരണത്തിനായി പല മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പുരംഗം ഏറ്റവും മികച്ച കമ്യൂണിക്കേഷനായ ഐ ടി യിലേക്കും കടന്നു കഴിഞ്ഞു. ഗുജറാത്താണ് പ്രചരണത്തിനായി വിവര സാങ്കേതിക വിദ്യയുടെ പശ്ചാത്തലം പരീക്ഷിക്കുന്നത്.

ഡിസംബറില്‍ ഇലക്ഷന്‍ നടക്കാനിരിക്കേ മൊബൈലുകളിലേക്കും വെബ്സൈറ്റുകളിലേക്കും പ്രചരണ ചൂട് ഏറുകയാണ്. സാമൂഹ്യ വെബ്സൈറ്റുകളായ ഓര്‍ക്കൂട്ടിനും ഫേസ്ബുക്കിനും പുറമേ വെബ്സൈറ്റുകളിലും പ്രചരണം കൊഴുക്കുകയാണ്. പ്രിയപ്പെട്ട നേതാവിനെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ കൊണ്ട് സൈറ്റുകള്‍ നിറയുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിക്കു വേണ്ടിയുള്ള പ്രചരണത്തിനാണ് കൂടുതല്‍ ശക്തി. മോഡിയുമായി ബന്ധപ്പെട്ട റിംഗ് ടോണുകള്‍, വാള്‍പേപ്പര്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയെല്ലാം അണികള്‍ സൈറ്റില്‍ എത്തിച്ചു കഴിഞ്ഞു. അതേ സമയം തന്നെ മോഡിയെ വിമര്‍ശിച്ചു കൊണ്ടുള്ള വെബ് സൈറ്റുകളും പ്രചരണ രംഗത്തുണ്ട്.

ഐ ടി രംഗത്ത് വെബ്സൈറ്റ്, ഇ മെയിലുകള്‍, എസ് എം എസ്, സാമൂഹ്യ സൈറ്റായ ഓര്‍ക്കൂട്ട്, യൂ ട്യൂബ് എന്നി നാലു കാര്യങ്ങളും പ്രചരണത്തില്‍ ഉണ്ടെന്നു മോഡിയുടെ പ്രവര്‍ത്തകര്‍ പറയുന്നു. വെബ്സൈറ്റില്‍ ലൈവ് പ്രക്ഷേപണങ്ങളും വന്‍ തോതില്‍ എസ് എം എസും ഒഴുക്കിയാണ് കോണ്‍ഗ്രസ്സ് പ്രചരണം നടത്തുന്നതെങ്കില്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ വീഡിയോകള്‍ക്ക് 15,000 നു മേല്‍ ഹിറ്റുണ്ടെന്ന് ബി ജെ പിയും പറയുന്നു.

ഒരു ലക്ഷം പേരിലാണ് ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ട ഇ മെയിലുകള്‍ ദിനം പ്രതി കടന്നു ചെല്ലുന്നത്. ഓരോ 15 മിനിറ്റിനകത്തും വന്‍ തോതില്‍ എസ് എം എസുകളാണ് ഗുജറാത്തിലുടനീളം ഒഴുകുന്നത്. എന്നിരുന്നാലും തെരഞ്ഞെടൂപ്പു നടക്കുന്ന ഡിസംബര്‍ 11 നും 16 നും രണ്ടു ദിവസം മുമ്പ് തന്നെ എസ് എം എസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇലക്ഷന്‍ കമീഷന്‍.