ഇന്ത്യയില്‍ ബിപിഒ ഇനി എത്രനാള്‍

Webdunia
PROPRO
പുറംജോലി (ബി പി ഒ) കരാറുകളില്‍ മുന്‍പില്ലാത്ത വിധം മത്സരം മുറുകുന്ന സാഹചര്യത്തിലും ലോകത്ത് ഏറ്റവും ശ്രദ്ധാകേന്ദ്രമായി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ പുറംജോലികള്‍ക്ക് ആദ്യ പരിഗണന നല്‍കുന്നത് ഇന്ത്യയ്ക്ക് തന്നെയാണ്.

എന്നാല്‍ പുറംജോലി വിപണിയിലെ മുറുകുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാകുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും, വന്‍‌തോതില്‍ പണമൊഴുകുന്ന പുറംജോലി കരാറുകള്‍ പിടിച്ചെടുക്കാന്‍ ചൈനയും ഫിലിപ്പീന്‍സും പോലുള്ള രാജ്യങ്ങള്‍ പുതിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇന്ത്യയുടെ ഭാവി എന്തായിരിക്കുമെന്നത് ആശങ്ക പകരുന്നതുതന്നെയാണ്.

ഇന്ത്യയില്‍ ബി പി ഒ രംഗത്ത് ജോലി ചെയ്യുന്നവരുടെ ഉയര്‍ന്ന വേതനമാണ് ഒരു പ്രധാന പ്രശ്നം. ബി പി ഒ ജീവനക്കാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കേണ്ടി വരുമ്പോള്‍ പുറംജോലിക കരാര്‍ എത്രത്തോളം ലാഭകരമാണെന്നത് ഒരു പ്രശ്നമാകുന്നു. വിദേശ കമ്പനികളെ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ഇത് പ്രേരിപ്പിക്കുമെന്നാണ് ഒരു വാദം.

ഒപ്പം രൂപയുടെ മൂല്യ വര്‍ദ്ധനവും കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഡോളറിന് പത്തു രൂപയോളം ഇടിവുണ്ടായത് ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പുറംജോലി വ്യവസായത്തെ ബാധിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. കാരണം വികസിത വിപണികളില്‍ ടാലന്‍റിനും സമാനമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണത്രെ.

ലോകത്തിലെ പത്ത് കമ്പനികള്‍ എടുത്താല്‍ അതില്‍ എട്ടെണ്ണവും പുറംജോലിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം പരിഗണിക്കുക ഇന്ത്യയെ ആണ്. ഈ രംഗത്ത് ആദ്യമെത്തിയതിന്‍റെ ഒരു നേട്ടം കൂടിയാണിതിന് പിന്നില്‍. പ്രത്യേകിച്ചും വിവര സാങ്കേതിക രംഗത്തെ ബി പി ഒ ജോലികളില്‍ ഇന്ത്യന്‍ കമ്പനികള്‍ വളരെ മുമ്പുതന്നെ എത്തിയിരുന്നു.
അതുകൊണ്ടുതന്നെ വിപണിയുടെ അടിയൊഴുക്കുകള്‍ മനസിലാക്കാനും ഇടപാടുകാരുമായി ധാരണ പുലര്‍ത്താനും ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു. പരിചയ സമ്പന്നതയും എത്രയും വേഗം പ്രോജക്ടുകള്‍ തീര്‍ത്തു കൊടുക്കുന്നതും ബി പി ഒ കരാറുകള്‍ ലഭിക്കുന്നതില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഐ ടി, ഐ ടി എനേബിള്‍ഡ് കമ്പനികള്‍ ഇക്കാര്യത്തില്‍ വളരെ മുന്നേറിക്കഴിഞ്ഞു.

ചൈനയ്ക്ക് ബി പി ഒ രംഗത്ത് കാര്യമായ അനുഭവ പരിചയമില്ലാത്തതിനാല്‍ അമേരിക്കയേയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളേയും ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കുന്നു. ഇത് വലുതും സങ്കീര്‍ണവുമായ പ്രോജക്ടുകള്‍ നല്‍കുമ്പോള്‍ ചൈനയെ ഒഴിവാക്കി ഇന്ത്യയെ പരിഗണിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകമാകുന്നു. പടിഞ്ഞാറു നിന്നുള്ള ഇടപാടുകാരുമായി ഇടപെട്ടുള്ള പരിചയം ചൈനയ്ക്കില്ല.

ചൈനയെ കൂടാതെ ഫിലിപ്പീന്‍സ്, മെക്സിക്കോ, ഇസ്രയേല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കും മത്സരിക്കേണ്ടത് ഇന്ത്യയോട് തന്നെയാണ്. ഈ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ ആളുകള്‍ തയാറാണെങ്കിലും ഇന്ത്യയുടെ ബൌദ്ധിക മൂലധനം ഇതിന് തടസമാകുന്നു. ബി പി ഒ രംഗത്ത് പ്രാഗല്‍ഭ്യമുള്ള ജോലിക്കാര്‍ ഇന്ത്യയില്‍ നിരവധിയാണ്. വൈദഗ്ധ്യമുള്ള തൊഴിലാളുകളുടെ അഭാവം ചൈനയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

കഴിവിലും ജോലിയുടെ ഗുണമേന്‍‌മയിലും മറ്റും ഇന്ത്യ വളരെ മുന്നിലാണ്. ഭാഷാപാടവമാണ് ചൈന നേരിടുന്ന മറ്റൊരു പ്രധാനം തടസം. ചൈനയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഇന്ത്യാക്കാര്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഐ ടി, ബി പി ഒ കമ്പനികള്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്.

അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും വളരെ നല്ല പ്രോത്സാഹനമാണ് ബി പി ഒകള്‍ക്ക് ലഭിക്കുന്നത്. ഐ ടിയും, ഐ ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ബി പി ഒ രംഗത്തിന് അയല്‍‌രാജ്യങ്ങളില്‍ തല്‍ക്കാലം ഭീഷണി ഉയരുന്നില്ലെന്നാണ് വ്യക്തമാവുന്നത്.