സിയോമി പിന്നാലെ തരംഗമുയര്‍ത്താന്‍ ഫികോമെത്തുന്നു പാഷന്‍ 660മായി

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (15:06 IST)
സിയോമിയുടെ ഇന്ത്യന്‍ വിപണിയിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കണ്ട് അസൂയക്ക്പ്പെട്ട ഒരുപാട് കമ്പനികള്‍ ചൈനയിലുണ്ട്. അതിനാല്‍ ഇന്ത്യന്‍ വിപണിയെന്ന മോഹിപ്പിക്കുന്ന മേഖലയിലേക്ക് ചൈനയില്‍ നിന്ന് മറ്റൊരു മുന്‍‌നിര സ്മാര്‍ട്ട്ഫോണ്‍ കമ്പനികൂടി എത്തുന്നതായി വാര്‍ത്തകള്‍. ചൈനയിലെ പ്രമുഖ ടെലികോം ഹാര്‍ഡ്‌വേര്‍ നിര്‍മാതാക്കളായ ഫികോമാണ് അതേ പേരില്‍ സ്മാര്‍ട്‌ഫോണുകളുമായി എത്തുന്നത്.

ഫികോമിന്റെ ആദ്യസ്മാര്‍ട്‌ഫോണ്‍ മോഡലായ 'പാഷന്‍ 660' ( Phicomm Passion 660 ) അടുത്ത ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ വില്പന തുടങ്ങും. ഇ-ടെയ്‌ലിങ് സൈറ്റായ ആമസോണില്‍ അടുത്ത ചൊവ്വാഴ്ച ഇതിന്റെ വില്പനയാരംഭിക്കും. സോണിയ ഐ.എം.എക്‌സ് 214 സെന്‍സറോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് പാഷന്‍ 660 ലുള്ളത്. ബി.എസ്.ഐ. സെന്‍സസറോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്  ഒ‌എസാണ് ഫോണിന്റെ കരുത്ത്. എന്നാല്‍ അധികം വൈകാതെ 5.0 ലോലിപോപ്പ് അപ്‌ലോഡ് ലഭിക്കുമെന്ന് ഫികോം ഉറപ്പുനല്‍കുന്നു. 64 ബിറ്റ് ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസര്‍, രണ്ട് ജി.ബി. റാം, അഡ്രിനോ 405 ജി.പി.യു, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് പാഷന്‍ 660ന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 64 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

1080X1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഐ.പി.എസ്. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുളളത്. പിക്‌സല്‍ സാന്ദ്രത 441 പി.പി.ഐ. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 ന്റെ സംരക്ഷണവുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, 3ജി, ജി.പി.എസ്., ബ്ലൂടൂത്ത് 4.0 സംവിധാനങ്ങളുമുണ്ട്.

2300 എം.എ.എച്ച്. ബാറ്ററിയാണ് ഊര്‍ജം പകരുക. ഡ്യുവല്‍ സിം മോഡലാണ് പാഷന്‍ 660. രണ്ടാമത്തെ നാനോ-സിം സ്ലോട്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.  110 ഗ്രാം ഭാരമുള്ള ഫോണിന് 10,999 രൂപയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാകും.