അന്യഭാഷാ ചിത്രങ്ങളെ എന്നും സ്വീകരിക്കുന്നവരാണ് മലയാളികൾ. അതിന് ഏറ്റവും ഉദാഹരണമാണ് അവസാനമായി കേരളത്തിൽ റിലീസ് ചെയ്ത രജനീ ചിത്രം കബാലിയും സൽമാൻ ഖാൻ ചിത്രം സുൽത്താനും. ഇതു കൂടാതെ വിജയ്, സൂര്യ, അമിർ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ മറ്റു താരങ്ങളുടെ സിനിമയ്ക്കും വൻ പിന്തുണയാണ് മലയാളികൾ നൽകാറുള്ളത്. മലയാള സിനിമയ്ക്കും അങ്ങനെ തന്നെയാണ്.
മലയാള താരങ്ങളുടെ നിരവധി ചിത്രങ്ങൾ അന്യസംസ്ഥാനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ മറ്റു അന്യഭാഷാ താരങ്ങളെപ്പോലെ വലിയൊരു ആരാധക വൃത്തത്തെ ഉണ്ടാക്കിയെടുക്കാൻ അധികം ആർക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം. പക്ഷേ സമീപകാലത്തിറങ്ങിയ നിവിൻ പോളിയുടെ പ്രേമം തമിഴ്നാട്ടിൽ ഓടിയത് 225 ദിവസമാണ്. ഇതിലൂടെ വലിയൊരു വിഭാഗം ആരാധകരെ സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിൽ നിവിന്റെ പ്രേമം 225 ദിവസം തകർത്തോടിയപ്പോൾ പൊളിഞ്ഞു വീണത് മോഹൻലാലിന്റെ റെക്കോർഡ് ആണ്. കെ മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മൂന്നാം മുറയുടെ റെക്കോർഡ് ആയിരുന്നു അത്. ചിത്രം 125 ദിവസത്തോളമാണ് തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചത്.
മോഹൻലാലിന്റെ റെക്കോർഡ് പുഷ്പം പോലെ തകർത്ത നിവിന് പക്ഷേ മമ്മൂട്ടിയുടെ റെക്കോർഡ് പൊളിക്കാൻ സാധിച്ചിട്ടില്ല. മമ്മൂട്ടി നായകനായി എത്തിയ ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ റെക്കോർഡ് ആയിരുന്നു അത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന സിനിമയാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ചിത്രം ചെന്നൈയിൽ ഒരു വർഷത്തോളമാണ് പ്രദർശിപ്പിച്ചത്. എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റെക്കോഡ് തകർക്കാൻ പോയിട്ട് തൊടാൻ പോലും ഇതുവരെ ഒരു മലയാള സിനിമക്കും കഴിഞ്ഞിട്ടില്ല.