മാണിയെ കുടുക്കുകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് ഉമ്മൻചാണ്ടി

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (13:45 IST)
ബാര്‍ കോഴ കേസിൽ  കെഎം മാണിയെ കുടുക്കുകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാണി കുറ്റക്കാരനല്ലെന്ന് തെളിയുകയാണ് ചെയ്തത്. മാണി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്(എം) മുഖപത്രം പ്രതിച്ഛായ വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മന്‍ചാണ്ടി രംഗത്തു വന്നത്.
 
മാണിയുടെ രാജിയെ പി ടി ചാക്കോയുടെ രാജിയോട് ഉപമിച്ചാണ് പ്രതിച്ഛായയിലെ ലേഖനം. പി ടി ചാക്കോയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ മാണിയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു. തന്റെ കാറില്‍ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ആരോപിച്ചാണ് പി ടി ചാക്കോയെ പാര്‍ട്ടി ചതിച്ചുവീഴ്ത്തിയത്. അവര്‍ തന്നെയാണ് ബാര്‍ മുതലാളിയെ കൊണ്ട് കെ എം മാണിയെയും ചതിച്ചുവീഴ്ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയ അമയത്തായിരുന്നു പി ടി ചാക്കോയുടെ രാജി. അതേ അവസ്ഥതന്നെയാണ് മാണിക്കും ഉണ്ടായതെന്നും പത്രത്തില്‍ ആരോപിക്കുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ പറയുന്നു.
Next Article