റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് ഊർജമേഖലയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. ഊർജമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുന്നത്.
പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്‌സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപയാണ് റിലയൻസ് നിക്ഷേപിക്കുക. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് ആംബ്രി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം.
കഴിഞ്ഞ ജൂണിൽ റിലയൻസ് പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളിൽ റിലയൻസ് കൂടുതൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.