കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മുളകുകളുടെ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചു. സൗദി സര്‍ക്കാരില്‍ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ഇന്ത്യന്‍ ഏംബസിയിലെ കൊമേഴ്സ് സെക്രട്ടറി സുരീന്ദര്‍ ഭഗത് വ്യക്തമാക്കി.
നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മാമ്പഴവും ചിലയിനം പച്ചക്കറികളും നിരോധിച്ചിരുന്നു. തൊട്ടുപിന്നാലെ സൌദി അറേബ്യയും മുളക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഇന്ത്യയില്‍ നിന്ന് മുളക് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത മുളകുകളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ വ്യക്തമായ സാന്നിദ്ധ്യം കണ്ടെത്തിയതായി സൗദി കാര്‍ഷിക മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യപ്പെടുന്നവയില്‍ കീടനാശിനികളുടെ സാന്നിധ്യം പ്രകടമാണെന്നും അതിനാല്‍ ഇനിയും ഇതാവര്‍ത്തിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സൌദി അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്ക് മികച്ച തോതില്‍ വിദേശ നാണയ നേടിത്തരുന്ന കാര്‍ഷിക ഉത്പന്നമാണ് മുളകുകള്‍. 2013 ഏപ്രില്‍ - നവംബര്‍ കാലയളവില്‍ 1.81 ലക്ഷം മുളകുകളാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്.