രാജ്യത്തെ വിദേശ നാണയ ശേഖരം കുതിക്കുന്നു. ഫെബ്രുവരി 27 വരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ നാണ്യ ശേഖരം 20.63 ലക്ഷം കോടി രൂപയിലെത്തി (33,808 കോടി ഡോളര്‍). ഇന്ത്യയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടതായുള്ള വിലയിരുത്തലില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. അതിനാല്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം വന്‍ തോതില്‍ ഒഴുകുന്നതാണ് വിദേശ നാണയ ശേഖരം പുതിയ ഉയരത്തിലെത്താന്‍ വഴിവെച്ചത്.
ഇന്ത്യന്‍ വിദേശ നാണയ ശേഖരത്തില്‍ ഫിബ്രവരി 27 ന് അവസാനിച്ച ആഴ്ചയില്‍ മാത്രം 388.6 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. അഞ്ചാഴ്ചയ്ക്കിടെ 1600 കോടി ഡോളറാണ് വര്‍ധന. എന്നാല്‍ പരിധിവിട്ട് നാണയശേഖരം കുതിച്ചുയരുന്നതിന് റിസര്‍വ് ബാങ്ക് കടിഞ്ഞാണിടുന്നുണ്ട്. ഇതിനായി വിപണിയിലെത്തുന്ന അധിക ഡോളര്‍, രൂപയുടെ മൂല്യം ക്രമാതീതമായി ഉയരുന്നത് തടയാനായി ആര്‍.ബി.ഐ. വാങ്ങുകയാണ്. രൂപയുടെ മൂല്യം പരിധിവിട്ടുയരുന്നത് നല്ലതല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.