ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ശക്തനായ എതിരാളി; കവാസാക്കി വള്‍ക്കന്‍ എസ് 650 വിപണിയിലേക്ക്

തിങ്കള്‍, 1 ജനുവരി 2018 (12:38 IST)
തങ്ങളുടെ ആദ്യ ക്രൂയിസര്‍ ബൈക്കുമായി കാവാസാക്കി ഇന്ത്യയില്‍. കവാസാക്കി വള്‍ക്കന്‍ എസ് എന്നപേരിലാണ് ബൈക്ക് ഇന്ത്യയി അവതരിപ്പിച്ചത്. വള്‍ക്കന്‍ എസിനുള്ള ബുക്കിങ്ങ് കമ്പനി ആരംഭിച്ചെങ്കിലും വരുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷമായിരിക്കും 5.44 ലക്ഷം രൂപ വിലയുള്ള ഈ മോഡലിന്റെ വിതരണം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 
 
ഫ്‌ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസ് എത്തുന്നത്. 649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 7,500 ആര്‍പി‌എമ്മില്‍ 60ബി‌എച്ച്‌പി കരുത്തും 6,600 ആര്‍പി‌എമ്മില്‍ 63 എന്‍‌എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.
 
വള്‍ക്കന്‍ എസിന് നല്‍കിയ അലോയ് വീലുകളും ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് ഒരു സ്‌പോര്‍ടി പരിവേഷമാണ് നല്‍കുന്നത്. താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ എസിന്റെ ഫൂട്ട്‌പെഗുകളും ഹാന്‍ഡിലും സീറ്റും ക്രമീകരിക്കാന്‍ സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവാസാക്കി നല്‍കിയിരിക്കുന്ന പേര്. 
 
എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് വള്‍ക്കന്‍ എസില്‍ നല്‍കിയിരിക്കുന്നത്. 14 ലിറ്ററാണ് ഈ കരുത്തന്റെ ഇന്ധനശേഷി. ദീര്‍ഘദൂര റൈഡുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, കോണ്‍ടിനന്റല്‍ ജിടി 650 എന്നിവരാകും വിപണിയില്‍ കവാസാക്കി വള്‍ക്കന്‍ എസിന്റെ പ്രധാന എതിരാളികള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍