15 സെസുകള്‍ക്ക് അംഗീകാരം

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2007 (14:53 IST)
പതിനഞ്ച് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് (സെസ്) വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതില്‍ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, കോഗ്നിസന്‍റ് ടെക്‍നോളജീസ് എന്നീ ഐ.റ്റി.സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രത്യേക സാമ്പത്തിക മേഖലകളുടെ അംഗീകാരം പരിഗണിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതിയാണ് ഇത് സംബന്ധിച്ച് അംഗീകാരം നല്‍കിയത്. കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ.പിള്ളയാണ് ഈ പ്രത്യേക സമിതിയുടെ ചെയര്‍മാന്‍. 20 നിര്‍ദ്ദേശങ്ങളായിരുന്നു അനുമതിക്കായി സമര്‍പ്പിക്കപ്പെട്ടിരുന്നത്.

ആന്ധ്രാ പ്രദേശിലെ രംഗറെഡ്ഡി ജില്ലയില്‍ 30.35 ഹെക്റ്റര്‍ സ്ഥലത്ത് പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനായി ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടി.സി.എസ്) നല്‍കിയ നിര്‍ദ്ദേശവും അംഗീകാരം ലഭിച്ചവയില്‍ പെടുന്നു.

ഇതോടെ ഇതുവരെ തത്വത്തില്‍ അംഗീകാരം ലഭിച്ച പ്രത്യേക സാമ്പത്തിക മേഖലകളുടെ എണ്ണം 183 ആയി ഉയര്‍ന്നു. പ്രത്യേക സമിതിയുടെ അടുത്ത യോഗം സെപ്തംബര്‍ 18 നാണ് ചേരുന്നത്.