ഹോം തീയേറ്ററുമായി സാംസംഗ്‌

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2007 (12:38 IST)
FILEFILE
ഇലക്‌ട്രോണിക്‌സ്‌ രംഗത്തെ അതികായരായ സാംസംഗ്‌ ഹോം തീയേറ്ററുകളുമായി രംഗത്തെത്തിയിരിക്കുന്നു. പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്ത്‌ മുന്നിലുള്ള സാംസംഗ്‌ ഇന്ത്യ, നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച ഹൈടെക്‌, ലൈഫ്‌ സ്റ്റെയില്‍ ഹോം തീയേറ്ററുകളാണ്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌.

നാലു മോഡലുകളിലാണ്‌ ഹോം തീയേറ്ററുകള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്‌. 10,990 രൂപ മുതല്‍ 29,000 രൂപവരെ വില വരുന്ന എച്ച്ടി-250, എച്ച് - എക്സ്‌ 30, എച്ച്-ടിഎക്സ്‌ 25-എച്ച്-ക്യു 20 എന്നിവയാണവ.

ഈ നാലു മോഡലുകളില്‍ എച്ച്‌ ടി -എക്‌സ്‌ 250 മോഡലാണ്‌ പ്രധാനമായത്‌. അള്‍ട്രാ സ്റ്റെയിലിഷ്‌ ഡിസൈന്‍, വയര്‍ലെസ്‌ റെഡി റിയര്‍ ചാനല്‍ സിസ്റ്റം, ഡ്യുവല്‍ ലേ ഔട്ട്‌- യുഎസ്ബി ഹോസ്റ്റ്‌ പ്ലേ ബാക്ക്‌ എന്നീ സവിശേഷതകള്‍ എച്ച്‌ടി-എക്‌സ്‌ 250-യെ വിനോദ ഉപാധികളുടെ നിരയില്‍ വേറിട്ടു നിര്‍ത്തുന്നു.

ഈ മോഡലില്‍, ഹോം തീയേറ്ററിന്‍റെ യുഎസ്ബി പോര്‍ട്ടുമായി ബന്ധിപ്പിച്ചശേഷം എംപി3 പ്ലേയര്‍, ഡിജിറ്റല്‍ ക്യാമറ അല്ലെങ്കില്‍ യുഎസ്ബി മെമ്മറി എന്നിവയില്‍നിന്നും പാട്ടുകള്‍, സിനിമകള്‍, നിശ്ചല ചിത്രങ്ങള്‍ എന്നിവ ആസ്വദിക്കുവാന്‍ സാധിക്കും എന്നീ പ്രത്യേകതകളുമുണ്ട്‌.

പ്രോഗ്രസീവ്‌ സ്കാന്‍ ടെക്‌നോളജി വഴി മികച്ച ഇമേജ്‌ ക്വാളിറ്റിയാണ്‌ കമ്പനി നല്‍കുന്നത്‌. ചെറിയ മങ്ങലുകളോ വിറയലുകളോവരെ ഈ ടെക്‌നോളജി വഴി ഇല്ലാതാക്കും എന്നതാണ്‌ ഇതിന്‍റെ പ്രധാന സവിശേഷത.

അതുപോലെ തന്നെ ഇതിനൊപ്പമുള്ള മറ്റു മോഡലുകളുടേതുപോലെ, എച്ച്‌ ടി-എക്‌സ്‌ 250 യും നിരവധി ഓഡിയോ - വീഡിയോ ഫോര്‍മാറ്റുകളെയും സപ്പോര്‍ട്ട്‌ ചെയ്യും എന്നതും പ്രത്യേക സവിശേഷതയാണ്‌.

എംപി3, ഡബ്ല്യു.എം.എ, എം.പി.ഇ.ജി, ഡിഐവിഎക്‌സ്‌, ജെപി.ഇ.ജി എന്നിവ അവയില്‍ ചിലതു മാത്രം. എച്ച്-എക്സ്‌ 250 ന്‍റെ ഡോള്‍ബി ഡിജിറ്റല്‍, ഡോള്‍ബി പ്രോ ലോജിക്‌ - ഡിടിഎസ്‌ ഡീകോടറുകള്‍ എന്നിവ വഴി തീയേറ്ററില്‍ ലഭിക്കുന്ന ശബ്ദ - ചിത്ര ഗുണങ്ങള്‍ ആസ്വാദകര്‍ക്ക്‌ ലഭിക്കും എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്‌.