സ്പൈസ് ജെറ്റ് 150 പേരെക്കൂടി നിയമിക്കും

Webdunia
ചൊവ്വ, 26 ജനുവരി 2010 (16:46 IST)
ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന പ്രമുഖ കമ്പനിയായ സ്പൈസ് ജെറ്റ് 150 പേരെ പുതുതായി നിയമിക്കും. രാജ്യാന്തര സര്‍വീസ് ലക്‍ഷ്യമിട്ട് ഈ വര്‍ഷം പുറത്തിറക്കുന്ന നാല് വിമാനങ്ങളില്‍ വിനിയോഗിക്കുന്നതിണ് പുതിയ ജോലിക്കാരെ നിയമിക്കുന്നത്.

100 ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരേയും 40 പൈലറ്റുമാരേയും പുതുതായി നിയമിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് സ്പൈസ് ജെറ്റ് ചീഫ് എക്സിക്യൂട്ടീവ് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. 19 ബോയിംഗ് വിമാനങ്ങളാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ചെലവ് കുറഞ്ഞ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കിയിരുന്നു.

അടുത്ത മെയ് മാസത്തില്‍ വിമാന സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന കമ്പനി അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ യോഗ്യത നേടും. ഇപ്പോഴത്തെ നിയമമനുസരിച്ച് അഞ്ച് വര്‍ഷത്തില്‍ കുറവ് ആഭ്യന്തര സര്‍വീസുള്ള വിമാന കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസ് നടത്താന്‍ അനുമതിയില്ല.

ഭാവി പദ്ധതികള്‍ക്കായി 75 മില്യന്‍ ഡോളറിന്‍റെ പദ്ധതിയാണ് സ്പൈസ് ജെറ്റിനുള്ളതെന്ന് അഗര്‍വാള്‍ പറഞ്ഞു. ഫണ്ട് ഉപയോഗിക്കുന്നതിന് ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.