സ്ഥിതി സമത്വസൂചികയില്‍ കേരളം രാജ്യത്ത് ഒന്നാമത്, അഭിവൃദ്ധിയില്‍ രണ്ടാമതും

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2013 (20:49 IST)
PRO
സ്ഥിതി സമത്വസൂചികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെന്ന് പഠനറിപ്പോര്‍ട്ട്. അഭിവൃദ്ധിയുടെ കാര്യത്തില്‍ കേരളം രണ്ടാമതാണ്. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ ക്രിസിലിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

സ്ഥിതി സമത്വസൂചികയില്‍ പഞ്ചാബാണ് കേരളത്തിന് മുന്നിലുള്ള സംസ്ഥാനം. പ്രതിശീര്‍ഷ വരുമാനത്തില്‍ മഹാരാഷ്ട്രയ്ക്കാണ് രാജ്യത്ത് പ്രഥമസ്ഥാനം. സമത്വം, അഭിവൃദ്ധി, പ്രതിശീര്‍ഷവരുമാനം എന്നിവ ഒന്നിച്ചെടുത്താല്‍ മൂന്നിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്.

ഈട് നില്‍ക്കുന്ന ഉപഭോക്തൃ വസ്തുക്കളുടെ ഉടമസ്ഥരെ ആധാരമാക്കി 2011 ലെ സെന്‍സ് കണക്കുകള്‍ ഉദ്ധരിച്ച് വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ക്രിസില്‍ പഠനം നടത്തിയത്. മികച്ച കൃഷി ഭൂമിയും ടൂറിസം മേഖലയുമാണ് സമൃദ്ധിയുടെ കാര്യത്തില്‍ കേരളത്തെ രണ്ടാം സ്ഥാനത്തെത്തിച്ചത്. കേരളത്തില്‍ വന്‍തോതില്‍ പണംകൈമാറ്റം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിന് പിന്നിലായി ഹരിയാനയും കര്‍ണാടകവും തമിഴ്‌നാടും യഥാക്രമം പട്ടികയില്‍ വരുന്നു.
പട്ടികയില്‍ ഏറ്റവും ഒടുവില്‍ പശ്ചിമബംഗാളും അതിന് മുകളിലായി ഒഡീഷയും, ബീഹാറും ചത്തീസ്ഗഢും മധ്യപ്രദേശും നില്‍ക്കുന്നു. ആസ്ഥിയുടെ കാര്യത്തില്‍ അന്തരം കുറവുള്ളതും പഞ്ചാബിലും കേരളത്തിലുമാണ്.

നീണ്ടകാലം നിലനില്‍ക്കുന്ന ഉപഭോക്തൃ വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ സ്വന്തമായുള്ള പഞ്ചാബികള്‍ക്കാണ്. മോഡി മോഡല്‍ വികസനം എന്ന് ആഘോഷിക്കപ്പെടുമ്പോഴും അഭിവൃദ്ധിയില്‍ തമിഴ്‌നാടിനൊപ്പം അഞ്ചാം സ്ഥാനത്തും ആളോഹരിവരുമാനത്തില്‍ മൂന്നാം സ്ഥാനത്തുമാണ് ഗുജറാത്ത്. അതേ സമയം സമത്വത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഗുജറാത്തില്ലെന്നത് ശ്രദ്ധേയമാണ്.

രാജ്യത്തെ മികച്ച തലസ്ഥാനമായി ചെന്നൈ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചപ്പോള്‍ ഹൈദരബാദും, ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും മോശം പട്‌നയും റായ്പൂമാണ്. പ്രതിശീര്‍വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ പക്ഷേ സ്വന്തമായി വീടും ഈട് നില്‍ക്കുന്ന ഉത്പന്നങ്ങളും സ്വന്തമായുള്ളവരുടെ എണ്ണമെടുക്കുമ്പോള്‍ ആറ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്