ഇക്കാലത്തെ ഏറ്റവും വലിയ പ്രതിഭാസങ്ങളിലൊന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക്. ഗൂഗിള്‍ അടക്കമുള്ള എല്ലാ ഇന്‍റര്‍നെറ്റ് കമ്പനികള്‍ക്കും ഫേസ്‌ബുക്ക് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. സത്യത്തില്‍ ഫേസ്‌ബുക്കിനോട് പിടിച്ചുനില്‍ക്കാനാണ് ഗൂഗിള്‍ പ്ലസ്സ് പോലുള്ള പലതും ഗൂഗിള്‍ പരീക്ഷിക്കുന്നത്. എന്നിട്ടും, ഫേസ്‌ബുക്ക് സ്ഥാപകനും സിഇഓയുമായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്‍റെ അനിയത്തി, ഏരില്ലി സൂക്കര്‍ബര്‍ഗ്, ഗൂഗിളിന്‍റെ ജീവനക്കാരിയായി.
ഏരില്ലി ഗൂഗിളിന്‍റെ ജീവനക്കാരിയായ വിവരം സൂക്കര്‍ബര്‍ഗിന്‍റെ മറ്റൊരു അനിയത്തിയായ റാന്‍ഡിയാണ് ട്വിറ്റര്‍ വഴി പുറം ലോകത്തെ അറിയിച്ചത്. ജോലി നോക്കിയിരിക്കുന്ന വൈല്‍ഡ്‌ഫയര്‍ എന്ന സോഷ്യല്‍ ആഡ്സ് സ്ഥാപനം ഗൂഗിള്‍ ഏറ്റെടുത്തതോടെയാണ് ഏരില്ലി സൂക്കര്‍ബര്‍ഗ് ഗൂഗിളില്‍ എത്തിയത്. “അഭിനന്ദനങ്ങള്‍ വൈല്‍ഡ്‌ഫയര്‍! ഫേസ്‌ബുക്കിലല്ല, ഗൂഗിളിലാണ് സൂക്കര്‍ബര്‍ഗ് കുടുംബത്തിലെ കൂടുതല്‍ അംഗങ്ങള്‍ ജോലി ചെയ്യുന്നത് എന്ന കാര്യം കഷ്ടം തന്നെ!” എന്നാണ് റാന്‍ഡി ട്വീറ്റിയിരിക്കുന്നത്.
കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും അവരവരുടെ പേജുകളില്‍, ആപ്ലിക്കേഷനുകളും ട്വീറ്റുകളും വീഡിയോകളും സ്പോണ്‍സര്‍ഷിപ്പുകളും പ്രമോഷനുകളും, ഒരൊറ്റയിടത്തില്‍ തന്നെ, മാനേജുചെയ്യാന്‍ സാധ്യമാക്കുന്ന തരത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമാണ് വൈല്‍ഡ്‍ഫയര്‍. ഈ കമ്പനിയില്‍ ജൂനിയര്‍ പ്രൊഡക്റ്റ് മാനേജറായിട്ടാണ് ഏരില്ലി ജോലി നോക്കിയിരുന്നത്.
എത്ര തുകയാണ് വൈല്‍ഡ്‌ഫയറിനെ സ്വന്തമാക്കാന്‍ നല്‍കിയതെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 250 മില്യണ്‍ യുഎസ് ഡോളര്‍ വരെ ഗൂഗിള്‍ ഈ വാങ്ങലിന് നല്‍കിയിരിക്കാം എന്ന് ഇന്‍ഡസ്ട്രി വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വൈല്‍ഡ്‌ലൈഫില്‍ 400 ജീവനക്കാരുണ്ട്. കമ്പനിയെ വാങ്ങിയതോടെ ഇവരെയും ഗൂഗിള്‍ ഏറ്റെടുത്തോ എന്ന വിവരവും ലഭ്യമല്ല. എന്തായാലും, മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്‍റെ അനിയത്തിയെ ഗൂഗിള്‍ തങ്ങളുടെ ജീവനക്കാരിയായി നിലനിര്‍ത്തും എന്നാണ് സൂചനകള്‍.