സഹാറ നിക്ഷേപകര്‍ക്ക് 17,400 കോടി രൂപ മടക്കി നല്‍കണമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (16:41 IST)
PRO
PRO
പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറ അവരുടെ നിക്ഷേപകര്‍ക്ക് 17,400 കോടി രൂപ മടക്കി നല്‍കണമെന്ന് സുപ്രീംകോടതി. 2008 ലും 2009 ലുമായി സഹാറ ഗ്രൂപ്പ് 17400 കോടി രൂപ 22 മില്ല്യണ്‍ ചെറുകിട നിക്ഷേപകരുടെ പക്കല്‍ നിന്നുമായാണ് ശേഖരിച്ചത്.

പണം നിക്ഷേപിക്കുന്നതിനായി സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ക്കായി മൂന്ന് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. നിക്ഷേപകരുടെ ലിസ്റ്റ് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് നല്‍കാന്‍ സഹാറയ്ക്ക് 10 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ജെ.എസ് കേഹര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും എതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി സെബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഇരുകമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി സെബിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

2008-2009 ലാണ് സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ പേരില്‍ നിക്ഷേപം സമാഹരിച്ചത്. ഓഹരികളാക്കി മാറ്റാവുന്ന കടപത്രങ്ങളുടെ വില്‍പ്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നാണ് സഹാറ നിക്ഷേപം സ്വീകരിച്ചത്. സെബിയുടെ അനുമതിയില്ലാതെയായിരുന്നു നിക്ഷേപസമാഹരണം.