ശമ്പളം കൊടുക്കാന്‍ എയര്‍ ഇന്ത്യ കടമെടുക്കുന്നു

Webdunia
ബുധന്‍, 9 ഫെബ്രുവരി 2011 (17:04 IST)
കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയില്‍ പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി കടമെടുക്കുന്നു. ജനുവരി മാസത്തെ ശമ്പളം കൊടുക്കാനായി 600 കോടി രൂപയാണ് കടമെടുക്കുന്നത്.

മുപ്പത്തിയൊന്നായിരത്തിലേറെ വരുന്ന ജീവനക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച എയര്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ യൂണിയന്‍ സമരം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ശമ്പളം കൊടുക്കാന്‍ എയര്‍ ഇന്ത്യ നടപടി തുടങ്ങിയത്.

വായ്പ എടുക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കുമായി എയര്‍ ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്നു തന്നെ ശമ്പളം കൊടുത്തു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.