വിലക്കയറ്റം: പ്രണബ് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി

Webdunia
ശനി, 8 ജനുവരി 2011 (12:16 IST)
ഭക്‍ഷ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതില്‍ സഹായം ആവശ്യപ്പെട്ട് സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഡിസംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ വിലപ്പെരുപ്പം 18.32 ശതമാനമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ നടപടി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പൂഴ്ത്തിവപ്പും കരിഞ്ചന്തയും തടയുന്നതിനും സംസ്ഥാ‍നങ്ങളുടെ സഹായം ആവശ്യമാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്‍ഷ്യ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനും മൊത്ത വിലയും ചില്ലറ വില്‍പ്പന വിലയും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ നീക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മാംസം, മുട്ട, മല്‍‌സ്യം എന്നിവയുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. ഒരു വര്‍ഷം മുമ്പ് അനുഭവപ്പെട്ട റിക്കോര്‍ഡ് ഉയര്‍ച്ചയാ‍യ 19.90 ശതമാനത്തിലേയ്ക്കാണ് ഭക്‍ഷ്യ വിലപ്പെരുപ്പം വീണ്ടും കുതിച്ചുകയറുന്നത്. സാമ്പത്തിക നയം കൂടുതല്‍ കര്‍ശനമക്കാന്‍ ഇത് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേയ്ക്കുമെന്നാണ് കരുതുന്നത്.