വിമാനയാത്രക്കാര്‍ വര്‍ധിച്ചു

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2010 (13:45 IST)
രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബഡ്ജറ്റ് സര്‍വീസുകളായ സ്പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന സര്‍വീസുകളുടെ മികച്ച സേവനവും ചെലവ് കുറഞ്ഞ സര്‍വീസുകളുമാണ് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18.3 ശതമാനം മുന്നേറ്റം പ്രകടമാണ്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 41.93 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 35.45 ദശലക്ഷമായിരുന്നു.

ഒക്ടോബറിലും താരതമ്യേന വന്‍ വര്‍ധനവ് ആഭ്യന്തര വിമാന സര്‍വീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാജ്യത്തെ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം ഒക്ടോബറില്‍ 18.05 ശതമാനം വര്‍ധിച്ച് 4.62 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 3.91 ദശലക്ഷമായിരുന്നു.

രാജ്യത്തെ വിമാന സര്‍വീസില്‍ ജെറ്റ് എയര്‍വേസിന്റെ മാര്‍ക്കറ്റ് ഓഹരി 26.2 ശതമാനമാണ്. ഇന്‍ഡിഗോയ്ക്ക് 16.8 ശതമാനവും സ്പൈസ് ജെറ്റിന് 13.6 ശതമാനവും ഗോ എയറിന് 6.6 ശതമാനവും സര്‍വീസില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഒക്ടോബറില്‍ 0.81 ദശലക്ഷം പേര്‍ക്ക് യാത്രാ സേവനം നല്‍കി.