വിനിമയ നിരക്ക്: രൂപ താഴേക്ക്

Webdunia
വ്യാഴം, 31 ജനുവരി 2008 (13:11 IST)
ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് വ്യാഴാഴ്ച വീണ്ടും താഴേക്ക് പോയി. വ്യാഴാഴ്ച രൂപയുടെ വിനിമയ നിരക്ക് 39.4150.4250 എന്ന നിരക്കിലേക്കാണ് താണത്.

ബുധനാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 39.3850/3950 എന്ന നിരക്കിലായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് രൂപയുടെ നില 39.39/40 എന്ന നിലയിലേക്ക് താണിരുന്നു. പിന്നീട് ഏറെ സമയത്തിനു ശേഷം രൂപയുടെ വിനിമയ നിരക്ക് വീണ്ടും താണ് 39.4150.4250 എന്ന നിലയിലായി.

ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വന്‍ തകര്‍ച്ചയാണ് രൂപയുടെ വിനിമയ നിര്‍ക്കില്‍ കുറവുണ്ടാവാന്‍ കാരണം. ഫെബ്രുവരി 29 ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.50 ശതമാനം നിരക്കില്‍ കുറച്ചതിനെ തുടര്‍ന്ന് ആഗോള ഏഷ്യന്‍ ഓഹരി വിപണികളില്‍ നില മെച്ചപ്പെട്ടെങ്കിലും ആഭ്യന്തര വിപണിയില്‍ ഇതിന്‍റെ പ്രതിഫലനം ലഭ്യമായില്ല.

സെന്‍സെക്സ് വ്യാഴാഴ്ച രാവിലെ പത്തര മണിയോടെ 423 പോയിന്‍റ് താഴേക്ക് പോയി. ഇതാണ് രൂപയുടെ വിനിമയ നിരക്ക് ഗണ്യമായി കുറയാനിടയായത്. അതിനൊപ്പം ആഗോള ക്രൂഡോയില്‍ വില വീപ്പയ്ക്ക് 92 ഡോളര്‍ എന്ന നിലയിലേക്കുയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി.

ആഭ്യന്തര ഓഹരി വിപണിയില്‍ നിന്ന് ജനുവരി 15 ന് ശേഷം ഏകദേശം 4 ബില്യന്‍ ഡോളറാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍‌വലിച്ചത്. ഇതും രൂപയുടെ വിനിമയ നിരക്കിനെ സാരമായി ബാധിക്കാനിടയാക്കി.