വാടകയ്ക്കൊരു വീട് വേണോ? ഇതൊക്കെ ഒന്ന് കേട്ടുനോക്കൂ...

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (21:33 IST)
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണല്ലോ. പക്ഷേ, പലപ്പോഴും അതൊക്കെ സാധ്യമായി വരുമ്പോള്‍ കുറച്ചു കാലതാമസം വരും. അതുവരെ വാടകവീട് തന്നെ ആശ്രയം. വാടകവീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചാലും അങ്ങനെ ഏതെങ്കിലുമൊരു വീട് പറ്റില്ലല്ലോ. അതിന് കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കണം, മനസിലാക്കണം. 
 
ഒരു വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. അങ്ങനെയൊരു തീരുമാനം എടുക്കുന്നതിനുമുമ്പ് ആ വീട് പല തവണ സന്ദര്‍ശിച്ചിരിക്കണം. മുക്കും മൂലയും പരിശോധിക്കുക എന്നുകേട്ടിട്ടില്ലേ? ഈ വീടിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ വേണം. ആ വീടിന്‍റെ എല്ലാ ഭാഗങ്ങളും, ഓരോ മുറിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. 
 
നല്ല രീതിയില്‍ സൂക്ഷിക്കുന്ന ഒരു വീടാണോ അതെന്ന് മനസിലാക്കാന്‍ പല കാര്യങ്ങള്‍ നോക്കേണ്ടിവരും. അതിന്‍റെ പ്ലം‌ബിംഗും ഇലക്‍ട്രിസിറ്റിയും എങ്ങനെയൊക്കെയാണ് നല്‍കിയിരിക്കുന്നതെന്ന് നോക്കാം. പ്ലംബിംഗ് പരിശോധിക്കുമ്പോള്‍ എല്ലാ മുറിയും കൃത്യമായി നോക്കണം. എവിടെയെങ്കിലും ലീക്കുണ്ടോ എന്ന് നോക്കണം. ഏതെങ്കിലും ടാപ്പ് കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ലേ എന്ന് ശ്രദ്ധിക്കണം. ബാത്‌റൂമില്‍ ഫ്ലഷ് സംവിധാനങ്ങള്‍ ഉപയോഗക്ഷമമാണ് എന്ന് ഉറപ്പുവരുത്തണം. നീറ്റും ക്ലീനുമാണ് എന്ന് ഉറപ്പുവരുത്തണം. വേസ്റ്റ് വാട്ടര്‍ എങ്ങനെയാണ് ഒഴിവാക്കിയിരിക്കുന്നത് എന്ന് നോക്കണം. 
 
ഇതുപോലെയാണ് വൈദ്യുതിയുടെ കാര്യവും. ഓരോ പ്ലഗ് പോയിന്‍റും ഓരോ ലൈറ്റും ഫാനും എ സിയും എല്ലാം ചെക്ക് ചെയ്യണം. എവിടെയെങ്കിലും ഷോക്ക് വരുന്നുണ്ടോ, മോട്ടോര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പവര്‍ വേരിയേഷന്‍ വരുന്നുണ്ടോ, എര്‍ത്ത് കറക്ടാണോ എന്നെല്ലാം പരിശോധിക്കണം. 
 
വാടക കൂടാതെ എല്ലാ മാസവും മെയിന്‍റനന്‍സ് ഫീ എന്നൊരു ഏര്‍പ്പാടുണ്ട്. അത് നമുക്ക് താങ്ങാന്‍ പറ്റുന്നതണോ എന്നകാര്യം ആദ്യമേ ചിന്തിക്കണം. മാത്രമല്ല, മെയിന്‍റനന്‍സ് ഫീ വാങ്ങിയാല്‍ അതനുസരിച്ചുള്ള സര്‍വീസ് വീട്ടുടമ നമുക്ക് ചെയ്യുമെന്ന് ആദ്യമേ ഉറപ്പുവരുത്തണം. 
 
വീട്ടിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകളുണ്ടോ എന്ന് ഉടമയുടെ സാന്നിധ്യത്തില്‍ പരിശോധിക്കണം. കേടുപാടുകളുണ്ടെങ്കില്‍ അവ ഏതൊക്കെ എന്നൊരു പട്ടിക തയ്യാറാക്കി ഉടമയെ കാണിക്കണം. ഒടുവില്‍ നിങ്ങളാണ് ആ ഉപകരണം ഉപയോഗക്ഷമമല്ലാതാക്കിയത് എന്നൊരു ആരോപണം വരാതിരിക്കാന്‍ ഇത് സഹായിക്കും. റെന്‍റല്‍ എഗ്രിമെന്‍റ് പലതവണ വായിച്ച് മനസിലാക്കിയശേഷമേ സൈന്‍ ചെയ്യാന്‍ പാടുള്ളൂ. ഇത്തരം കാര്യങ്ങളില്‍ പരിചയമുള്ള ഒരാളെ ആ സമയത്ത് ഒപ്പം കൂട്ടുന്നത് നല്ലതാണ്.
 
ഓരോ വര്‍ഷവും എത്രശതമാനം വാടകവര്‍ദ്ധനവ് ഉണ്ടാകും എന്ന കാര്യത്തില്‍ വീട്ടുടമയുമായി ചര്‍ച്ച ചെയ്ത് അക്കാര്യത്തില്‍ ഒരു ക്ലാരിറ്റി വരുത്തേണ്ടതാണ്. എഗ്രിമെന്‍റില്‍ സെക്യൂരിറ്റി അഡ്വാന്‍സിന്‍റെ കാര്യം പ്രത്യേകം പരാമര്‍ശിക്കാന്‍ മറക്കരുത്. വീടൊഴിയുമ്പോള്‍ അഡ്വാന്‍സ് തിരിച്ചുതരുന്നത് എങ്ങനെ എന്ന കാര്യത്തില്‍ ഉടമയുമായി ഒരു ധാരണ ആദ്യമേയുണ്ടാക്കുന്നത് നല്ലതാണ്. അതുപോലെ വീടൊഴിയേണ്ടിവരുമ്പോഴുള്ള നോട്ടീസ് പിരീഡിന്‍റെ കാര്യവും എഗ്രിമെന്‍റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ, അത് നമുക്ക് സാധ്യമായ കാലയളവിലുള്ളതാണോ എന്നൊക്കെ പരിശോധിക്കണം.