ലാഭത്തില്‍ ഒഎന്‍ജിസി മുന്നില്‍, എയര്‍ ഇന്ത്യ പിന്നോട്ട്

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (10:36 IST)
PRO
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) ഒന്നാം സ്ഥാനം. എന്നാല്‍, രാജ്യത്തിന് ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവച്ചവരുടെ കൂട്ടത്തിലാണ് എയര്‍ ഇന്ത്യയുടെ സ്ഥാനം. വളരെ മോശപ്പെട്ട പ്രകടനമാണ് എയര്‍ ഇന്ത്യ കാഴ്ച വച്ചത് എന്ന് 2009-2010 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വെ റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക ഉത്പാദകരായ ഒഎന്‍ജിസി 16,785 കോടി രൂപയുടെ അറ്റാദായം ആണ് നേടിയത്. അതേസമയം, എയര്‍ ഇന്ത്യ 5,614.29 കോടിയുടെ കടം വരുത്തിവയ്ക്കുകയും ചെയ്തു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എന്‍ടിപിസി എന്നിവ ലാഭത്തിലുള്ളവരുടെ പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മുന്‍ വര്‍ഷത്തെ സര്‍വെയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ‍(ഐഒസി) എട്ടാം സ്ഥാനത്തായിരുന്നു. ഐഒസിയുടെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റാദായം 10,220.5 കോടിയായി വര്‍ദ്ധിച്ചതാണ് നില മെച്ചപ്പെടാന്‍ കാരണം. സെയില്‍‍, ഭെല്‍, കോള്‍ ഇന്ത്യ, എന്‍ എം ഡി സി, ഗെയില്‍ എന്നിവയാണ് നാല് മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളില്‍.

നവരത്ന കമ്പനികളായ ഒഎന്‍ജിസി, ഐഒസി തുടങ്ങിയവ 2010ല്‍ ആണ് മഹാരത്ന കമ്പനികളായി പ്രഖ്യാപിച്ചത്. ടെലികോം ഭീമന്മാരായ എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, ഹിന്ദുസ്ഥാന്‍ കേബിള്‍സ്, ഫെര്‍ട്ടിലൈസേഴ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയാണ് നഷ്‌ടം വരുത്തിയവരില്‍ മുന്‍പന്തിയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍.