റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 28% വര്‍ദ്ധന

Webdunia
ശനി, 22 ജനുവരി 2011 (12:10 IST)
രാജ്യത്തെ പ്രമുഖ വ്യാവസായിക സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ വര്‍ദ്ധന. നടപ്പു സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അറ്റാദായം 28 ശതമാനമായാണ് വര്‍ദ്ധിച്ചത്.

മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ 4,008 കോടി രൂപ അറ്റാമുണ്ടായിരുന്നത് ഇപ്പോള്‍ 5,136 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.
മൂന്നാം പാദത്തിലെ വരുമാനം 62,399 കോടി രൂപയായി വര്‍ദ്ധിച്ചു.

ആദ്യത്തെ ആറുമാസക്കാലയളവില്‍ അറ്റാദായം 29.35 ശതമാനമായാണ് വര്‍ദ്ധിച്ചത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ 11,5256 കോടി രൂപയുണ്ടായത് ഇപ്പോള്‍ 15, 962 കോടിയായാണ് ഉയര്‍ന്നത്. കമ്പനിയുടെ വരുമാനം 48 ശതമാനവും വര്‍ധിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിനാല്‍ ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഈ കാലയളവില്‍ വരുമാനം 9.42 ശതമാനമാണ് വര്‍ദ്ധിച്ചത്. 2010 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ ലാഭം 18, 368 കോടി രൂപയായി വര്‍ദ്ധിച്ചു.

ഈ സാഹചര്യത്തിലും ഓഹരി വിപണിയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് സാധിച്ചിട്ടില്ല. 2010 ഏപ്രില്‍ മാസം മുതല്‍ക്കിങ്ങോട്ട് സെന്‍സെക്സില്‍ റിലയന്‍സ് ഓഹരികള്‍ രേഖപ്പെടുത്തിയത് 7 ശതമാനം നേട്ടം മാത്രമാണ്.