റിലയന്‍സും ലാഭത്തില്‍

Webdunia
ശനി, 19 ഏപ്രില്‍ 2014 (10:00 IST)
PRO
PRO
രണ്ടുവര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അതിന്റെ ഉയര്‍ന്ന ലാഭം നേടി. കഴിഞ്ഞു പോയ സാമ്പത്തിക വര്‍ഷം 5,631 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിട്ടുണ്ട്.

ഇതെ കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5,589 കോടിയാണ് നേടിയത്. ഇതുമായി താരതമ്യം ചെയ്തല്‍ 0.8 ശതമാനം മാത്രമാണ് വര്‍ധന എങ്കിലും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭമാണ് ഇപ്പോഴത്തേത്.

കമ്പനിയുടെ വിറ്റുവരവ് 13 ശതമാനം ഉയര്‍ന്ന് 97,807 കോടി രൂപയിലെത്തുകയും ചെയ്തതോടെ ഓഹരികള്‍ക്ക് 9.50 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു. അതേസമയം സമ്പത്തിക വര്‍ഷത്തില്‍ ആകെ അറ്റാദായം 21,984 കോടിരൂപആയിട്ടുണ്ട്. 4.7 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഒരു ഇന്ത്യന്‍ കമ്പനിയുടെ സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്.

കമ്പനിയുടെ വിറ്റുവരവ് 8.1 ശതമാനം വര്‍ധനയോടെ 4,01,302 കോടി രൂപയിലെത്തിയതായാണ് അവര്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൃപ്തികരമായ വര്‍ഷമായിരുന്നു 2013-14 എന്നും ഈ കാലയളവില്‍ എണ്ണശുദ്ധീകരണ ബിസിനസ് ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

പെട്രോ കെമിക്കല്‍ മാര്‍ജിനും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ റീട്ടെയില്‍ ബിസിനസ് ലാഭത്തിലാകുകയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറുകയും ചെയ്തുവെന്ന് അംബാനി വ്യക്തമാക്കി. ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 4ജി സേവനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു.