രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് പുതിയ നടപടികളെടുത്തു. രൂപയെ കരകയറ്റാന്‍ പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള എല്‍എഎഫ് സംവിധാനം (ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി) കുറയ്ക്കുകയും ബാങ്കുകളുടെ പലിശരഹിത കരുതല്‍ ധന അനുപാതം ഉയര്‍ത്തുകയും ചെയ്തു.
ഓരോ ബാങ്കിന്റെയും മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനമായിരുന്ന എല്‍എഎഫ് 0.5 ശതമാനമാക്കി കുറച്ചു. റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ നേടുന്ന വായ്പയുടെ തോത് പരിമിതപ്പെടുത്താനാണ് എല്‍എഎഫ് കുറച്ചത്. പ്രതിദിന അടിസ്ഥാനത്തിലുള്ള ബാങ്കുകളുടെ പലിശരഹിത കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) 99 ശതമാനമാക്കിയും ഉയര്‍ത്തി.
നിലവില്‍ സിആര്‍ആര്‍ 70 ശതമാനമാണ്. പുതിയ നടപടികളിലൂടെ 4000-5000 കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ട്. പണലഭ്യത കുറയ്ക്കുന്നതുവഴി വിദേശ വിനിമയ വിപണിയിലെ ഊഹക്കച്ചവടത്തിന് കടിഞ്ഞാണിടാനും ആര്‍ബിഐ ലക്ഷ്യമിടുന്നു.
രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ പ്രധാന കാരണം ഊഹക്കച്ചവടമാണെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. ബാങ്കുകള്‍ക്ക് പണ ലഭ്യത കുറയുമ്പോള്‍, ഹ്രസ്വകാല നിക്ഷേപം ആകര്‍ഷിക്കാന്‍ ഇത്തരം നിക്ഷേപത്തിന്റെ പലിശനിരക്കു കൂട്ടേണ്ടിവരും. ഇതോടൊപ്പം ഹ്രസ്വകാല വായ്പയുടെ നിരക്കിലും വര്‍ധന വന്നേക്കാമെന്നും ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നു.