രാജുവിനെ ചോദ്യം ചെയ്യാന്‍ സെബിയെത്തി

Webdunia
ബുധന്‍, 4 ഫെബ്രുവരി 2009 (12:08 IST)
സത്യം മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു, സഹോദരന്‍ രാമരാജു എന്നിവരെ ചോദ്യം ചെയ്യുന്നതിന് സെബിയുടെ മൂന്നംഗ സംഘം ഹൈദരാബാദ് ജയിലെത്തി. ഇരുവരേയും ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി സെബിക്ക് ഇന്നലെ അനുമതി നല്‍കിയിരുന്നു. രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരാകരിച്ചതിനെത്തുടര്‍ന്ന് സെബി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലാണ് രാ‍ജു സഹോദരന്‍‌മാരെ സെബി സംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യുന്ന സമയത്ത് എസ്പിയോ ഡിവൈഎസ്പിയോ സെബി അംഗങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

സത്യം കംപ്യൂട്ടേഴ്സില്‍ 7000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ജനുവരി ഒമ്പതിനാണ് രാമലിംഗ രാജുവിനേയും സഹോദരന്‍ രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.