മൊബൈലില്‍ ചുവടുറപ്പിക്കാന്‍ വീഡിയോകോണ്‍

Webdunia
തിങ്കള്‍, 25 ജനുവരി 2010 (13:19 IST)
PRO
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ കൂടുതല്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് വീഡിയോകോണ്‍. ഇതിനായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ പതിനഞ്ച് പുതിയ മോഡലുകള്‍ കമ്പനി പുറത്തിറക്കും. കമ്പനിയുടെ മൊബൈല്‍ വിഭാഗം സി‌ഒ‌ഒ രാഹുല്‍ ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ മൊബൈല്‍ രംഗത്തേക്ക് പ്രവേശിച്ച വീഡിയോകോണിന് നിലവില്‍ പന്ത്രണ്ട് മോഡല്‍ ഹാന്‍ഡ് സെറ്റുകളാണ് ഉള്ളത്. ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണെന്ന് രാഹുല്‍ ഗോയല്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കൂടുതല്‍ ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ത്രീ ജി ഫോണുകളിലേക്ക് തിരിയാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സേവനം എന്ന് നല്‍കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ വിപണികളില്‍ മൊബൈലിനായുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഈ വിപണികളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രാഹുല്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.