മുകേഷ് അംബാനിയും മിത്തലും കരുത്തരായ സമ്പന്നര്‍

Webdunia
വെള്ളി, 29 ജനുവരി 2010 (12:30 IST)
മുകേഷ് അംബാനിയും ലക്ഷ്മി മിത്ത്ക്കലും ലോകത്തിലെ ഏറ്റവും കരുത്തരായ കോടീശ്വരന്‍‌മാരാണെന്ന് ഫോര്‍ബ്സ് മാഗസിന്‍. പണവും രാഷ്ട്രീയ അധികാരവുമുള്ള ശക്തരായ കോടീശ്വരന്‍‌മാരാണ് ഇരുവരുമെന്ന് മാഗസിന്‍ അഭിപ്രായപ്പെട്ടു. വളരെ കുറച്ച് ധനികര്‍ക്ക് മാത്രമാണ് വ്യാവസായിക ഇച്ഛാശക്തിയും രാഷ്ട്രീയ സാമര്‍ത്ഥ്യവും ഉള്ളതെന്ന് ഫോര്‍ബ്സ് ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് സിറ്റി മേയറും വ്യവസായിയുമായ മൈക്കല്‍ ബ്ലൂംബെര്‍ഗ്, ചിലി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്‍ സെബാസ്‌റ്റിയന്‍ പിയേറ, ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബര്‍ലുസ്കോണി, ലബനന്‍ പ്രധാനമന്ത്രിയും വ്യവസായിയുമായ സാദ് ഹാരീരി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ പ്രമുഖരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമയായ മുകേഷ് അംബാനിക്ക് 73 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്സ് കണക്കാക്കിയിരിക്കുന്നത്. പട്ടികയിലുള്‍പ്പെട്ട ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന് 65 ബില്യന്‍ ഡോളറാണ് ആസ്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫോര്‍ബ്സ് പുറത്തുവിട്ട സമ്പന്നരുടെ പട്ടികയില്‍ ഏഴാമതും എട്ടാമതുമായിരുന്നു മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും.