മാരുതിയുടെ ലാഭത്തില്‍ 60% ഇടിവ്

Webdunia
ശനി, 29 ഒക്‌ടോബര്‍ 2011 (18:39 IST)
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ലാഭത്തില്‍ ഇടിവ്. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 59.81 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ ലാഭം 240 കോടി രൂപയായിട്ടാണ് കുറഞ്ഞത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ കമ്പനി 598.24 കോടി രൂപ ലാഭം നേടിയിരുന്നു. കമ്പനിയുടെ മൊത്തവരുമാനം 14.38 ശതമാനം കുറഞ്ഞ് 7,831.62 കോടി രൂപയായി. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 9,147.27 കോടി രൂപയായിരുന്നു.

മാനേസാറിലെ പ്ലാന്റിലുണ്ടായ സമരം ഉത്പാദനത്തെ ബാധിച്ചതാണ് കമ്പനിയുടെ ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണം. തൊഴിലാളിസമരം കഴിഞ്ഞ ആഴ്ചയാണ് ഒത്തുതീര്‍പ്പിലായത്.