മാന്ദ്യം സപ്റ്റംബര്‍ വരെ

Webdunia
ശനി, 7 മാര്‍ച്ച് 2009 (19:16 IST)
രാജ്യത്ത് സാമ്പത്തിക മാന്ദ്യം അടുത്ത സെപ്തംബര്‍ വരെ തുടരുമെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളും നടപടികളും വളര്‍ച്ച ഉയര്‍ത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2008 ഒക്ടോബര്‍ മുതല്‍ 2009 സെപ്തംബര്‍ വരെയാണ് രാജ്യത്ത് മാന്ദ്യം കൂടുതല്‍ അനുഭവപ്പെടുകയെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവ് അരവിന്ദ് വീരമണി അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങിയതോടെ റിസര്‍വ് ബാങ്ക് സുപ്രധാന പലിശനിരക്കില്‍ വീണ്ടും കുറവ് വരുത്തിയകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നാണയപ്പെരുപ്പം ഫെബ്രുവരി അവസാനം കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ നിയന്ത്രിക്കാനാകുമെന്ന് വീര്‍മണി പറഞ്ഞു. മാര്‍ച്ചില്‍ നാണയപ്പെരുപം മൂന്ന് ശതമാനത്തിലും താഴെയെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷവും ഒമ്പത് ശതമാനമോ അതിനുമുകളിലോ വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ മാന്ദ്യത്തെത്തുടര്‍ന്ന് നടപ്പ് വര്‍ഷം 7.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ഡിസംബറില്‍ ആറ് വര്‍ഷത്തെ ഏറ്റവും കുറവ് നിരക്കായ 5.3 ശതമാനത്തിലെത്തിയതോടെ സാമ്പത്തിക വളര്‍ച്ച 2009-10 വര്‍ഷം കൂടുതല്‍ ഇടിയുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്.