മരുന്നു പരീക്ഷണത്തില്‍ പൊലിഞ്ഞത് 80 ജീവന്‍

Webdunia
വ്യാഴം, 21 മാര്‍ച്ച് 2013 (11:12 IST)
PRO
PRO
അനധികൃത മരുന്നു പരീക്ഷണം രാജ്യത്ത് 80 പേരുടെ ജീവനെടുത്തതായി ആരോഗ്യ മന്ത്രാലയം. സുപ്രീംകോടതിയെ ആണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മരുന്ന് പരീക്ഷണം 2,224 പേരില്‍ ഗൂരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏഴ് വര്‍ഷത്തിനിടെയാണ് 80 പേരുടെ മരണം സംഭവിച്ചത്. ഇതില്‍ നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം വളരെ കുറവ്. 44 പേര്‍ക്ക് മാത്രമാണ് ശരിയായ നഷ്ടപരിഹാരം നല്‍കിയത്.

മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഉടന്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷണത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും.

അനധികൃത മരുന്ന് പരീക്ഷണം നിരോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണം.