മനോരമ പത്രം മൊബൈ‌ല്‍ ഫോണിലും

Webdunia
വ്യാഴം, 5 ജൂലൈ 2007 (14:20 IST)
മലയാളത്തിലെ പ്രമുഖ പത്രമായ മലയാള മനോരമ ദിനപത്രം മൊബൈ‌ല്‍ ഫോണിലൂടെയും വായിക്കാനാവും. ഇതോടെ മലയാളത്തിലെ ആദ്യ മൊബെയില്‍ ദിനപ്പത്രമെന്ന പദവിയും മനോരമയ്ക്ക്‌ ലഭ്യമായി.

മലയാള മനോരമ ഓണ്‍ലൈന്‍ - നോക്കിയ സഖ്യത്തിന്‍റെ സംരംഭമാണ്‌ ഈയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ സൗകര്യം മൂലം കേരളത്തില്‍ മാത്രമല്ല ഏതു വിദേശരാജ്യത്തുള്ള മലയാളിക്കും ഏതു സമയത്തും വാര്‍ത്തകള്‍ മാതൃഭാഷയില്‍ ലഭ്യമാക്കുന്നു എന്നതാണ്‌ പ്രത്യേകത..

ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്‍റെ ഉദ്ഘാടനം മനോരമ ഓണ്‍ലൈന്‍ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫിസര്‍ മറിയം മാമ്മന്‍ മാത്യുവും നോകിയ മാര്‍ക്കറ്റിങ്‌ ഡയറക്ടര്‍ ദേവിന്ദര്‍ കിഷോറും ചേര്‍ന്നു നിര്‍വഹിച്ചു. മലയാള മനോരമ മാനേജിങ്‌ എഡിറ്റര്‍ ഫിലിപ്‌ മാത്യു ആധ്യക്‍ഷ്യം വഹിച്ചു.

മലയാള മനോരമയുടെ 6776 എസ്‌എംഎസ്‌ ഷോര്‍ട്ട്‌ കോഡിലുള്ള സേവനങ്ങളും ലഭിക്കും എന്ന്‌ മനോരമ അവകാശപ്പെടുന്നു. നോകിയ 2626 തൊട്ടു മുകളിലേക്കുളള എല്ലാ ജിപിആര്‍എസ്‌ ഹാന്‍ഡ്‌സെറ്റുകളിലും മനോരമ ലഭിക്കും.

ഇത്‌ ആക്ടിവേറ്റ്‌ ചെയ്യാന്‍ mm എന്ന സന്ദേശം 5555 എന്ന നമ്പറിലേക്ക്‌ എസ്‌എംഎസ്‌ ചെയ്യുക. അല്ലെങ്കില്‍ www. manoramaonline.com/nokia എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉപയോഗിക്കേണ്ട വിധവും സേവനം ലഭ്യമാകുന്ന ഹാന്‍ഡ്സെറ്റുകളെപ്പറ്റിയുള്ള വിവരവും സൈറ്റില്‍ ലഭ്യമാണ്‌.

ഫോണില്‍ സേവനം പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍ മനോരമയുടെ ലോഗോ മെനുവില്‍ ലഭിക്കും. ഇതില്‍ ക്ലിക്‌ ചെയ്‌ത്‌ നിര്‍ദേശങ്ങള്‍ പാലിച്ച്‌ അനായാസം ബ്രൗസ്‌ ചെയ്യാം.