ഭാജി ജയിച്ചു, മല്യ പരസ്യം പി‌ന്‍‌വലിച്ചു!

Webdunia
ശനി, 23 ജൂലൈ 2011 (14:33 IST)
PRO
ക്രിക്കറ്റ് താരം ധോണി അഭിനയിച്ച വിവാദ പരസ്യം യുബി ഗ്രൂപ്പ് പിന്‍‌വലിച്ചു. പരസ്യത്തിനെതിരെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് യുബി ഗ്രൂപ്പിന് നോട്ടീസ് അയച്ചിരുന്നു.

മക്ഡവല്‍സ് നമ്പര്‍ വണ്‍ പ്ലാറ്റിനം വിസ്‌ക്കിയുടെ പരസ്യമായിരുന്നു വിവാദമായത്. ധോണിയുടെ പരസ്യം തന്നെയും തന്റെ കുടുംബത്തെയും സിഖ് സമുദായത്തെയും പരിഹസിക്കുന്നതാണ് എന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്. പരസ്യം പിന്‍വലിക്കുകയും തന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചുകൊണ്ട് പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് നിലനില്‍ക്കത്തക്കതല്ല എന്നായിരുന്നു മല്യയ്ക്ക് ലഭിച്ച നിയമോപദേശം. ഇതെ തുടര്‍ന്ന് പരസ്യം പിന്‍‌വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും മല്യ പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രസ്താവന നടത്തി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും ബാംഗ്ലൂരിലെ മദ്യ രാജാവ് മനം മാറ്റുകകായിരുന്നു.

തങ്ങള്‍ ക്രിക്കറ്റുമായി അടുത്ത് സഹകരിക്കുന്നതിനാല്‍ ക്രിക്കറ്റ് കളിക്കാരുടെ സല്‍പ്പേര് കളയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പരസ്യം മൂലം ഹര്‍ഭജന്റെയോ കുടുംബത്തിന്റെ സല്‍പ്പേര് ഇല്ലാതാവും എന്ന് കരുതുന്നില്ല എന്നും ഹര്‍ഭജന്‍ അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും യുബി ഗ്രൂപ്പ് പരസ്യം പിന്‍‌വലിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.