'നഗര ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുന്നു'

Webdunia
ശനി, 12 ഫെബ്രുവരി 2011 (15:24 IST)
രാജ്യത്തെ നഗരങ്ങളില്‍ ജീവിക്കുന്ന ദരിദ്ര വിഭാഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രാ‍ലയ സെക്രട്ടറി നവീന്‍ കുമാര്‍ പറഞ്ഞു. നഗരത്തിലെ ദരിദ്രരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഏതാണ്ട് 4.4 ദശലക്ഷത്തിന്‍റെ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ നഗരങ്ങളില്‍ ചേരികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചേരിപ്രദേശങ്ങള്‍ കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കി വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് കുമാര്‍ പറഞ്ഞു. ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരങ്ങളിലെ ചേരികളില്‍ മൂലധന നിക്ഷേപം ഉറപ്പ് വരുത്തുന്നതോടൊപ്പം കുടിവെള്ളം, ശുചീകരണം, ഗതാഗത സൌകര്യം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുകയും വേണം. ഈ ദിശയില്‍ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് കുമാര്‍ അറിയിച്ചു. അതേസമയം, നഗരാസൂത്രണങ്ങള്‍ നടത്തുമ്പോള്‍ പ്രാദേശിക ഭരണ സംവിധാനങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും കുമാര്‍ ചൂണ്ടിക്കാട്ടി.

ദേശീയ നഗര വികസന സംവിധാനത്തിന് കീഴില്‍ ഇന്‍ഡോര്‍, മൊഹാലി, അഹമ്മദാബാദ്, ലുധിയാന തുടങ്ങിയ നഗരങ്ങള്‍ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് സാങ്കേതികത ഉപയോഗിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്‍ക്കത്ത പോലുള്ള ചില മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ പ്രാദേശിക വികസന പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നവീന്‍ കുമാര്‍ പറഞ്ഞു.