തിരുവോണം ബമ്പറടിച്ചാല്‍ 5 കോടി!

Webdunia
ശനി, 9 ജൂലൈ 2011 (13:21 IST)
സമ്മാനത്തുക അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലിറങ്ങി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ സിനിമാനടന്‍ മുകേഷിനു ടിക്കറ്റ് കൈമാറി ധനമന്ത്രി കെ എം മാണി പ്രകാശനം ചെയ്തു. ആദ്യ ടിക്കറ്റിന്റെ വില്‍പ്പനയും മന്ത്രി നിര്‍വ്വഹിച്ചു.

അഞ്ചു പരമ്പരകളിലായി അച്ചടിക്കുന്ന ടിക്കറ്റിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഓരോ പരമ്പരയിലും 50 പവന്‍ വീതം 250 പവനാണ് മൂന്നാം സമ്മാനമായി നല്‍കുന്നത്. കൂടാതെ ഓരോ പരമ്പരയിലും രണ്ടുവീതം മാരുതി ആള്‍ട്ടോ കാറുകള്‍ നാലാം സമ്മാനമായി നല്‍കും.

ടിക്കറ്റിന്റെ വില 200 രൂപയാണ് . ഏജന്റുമാര്‍ക്ക് 30 മുതല്‍ 32 ശതമാനം വരെ ഡിസ്കൌണ്ടും കൂടാതെ ഓരോ 50 ടിക്കറ്റിനും 100 രൂപ വീതം തിരുവോണം ഇന്‍സെന്റീവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.