ചിക്കന്‍ കഴിക്കാന്‍ മോഹമുണ്ടോ? നടക്കില്ല, അത്രതന്നെ!

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (17:01 IST)
PRO
സംസ്ഥാനത്തെ കോഴിക്കച്ചവടക്കാര്‍ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കോഴിയുടെ തറവിലയും നികുതിയും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

നികുതി വര്‍ധനവ് 5 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ചെറുകിട കോഴിക്കച്ചവടക്കാരുടെ പ്രധാന ആവശ്യം. നികുതി വര്‍ധിപ്പിച്ചതു കൊണ്ട് സര്‍ക്കാരിന് പ്രത്യേക നേട്ടമൊന്നും ഉണ്ടാകില്ലെന്നും കോഴി കള്ളക്കടത്ത് കൂടാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളുവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.

തമിഴ്നാട്ടില്‍ നിന്ന് കോഴി വരവ് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ അനിശ്ചിതകാല ഉപരോധം നടത്തുമെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

കോഴിയുടെ അടിസ്ഥാന വില 70ല്‍നിന്ന് 95 രൂപയായാണ് ഉയര്‍ത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ വില 25ല്‍ നിന്ന് 35 രൂപയുമാക്കി. ഇതനുസരിച്ച് ഒരുകോഴിക്ക് 28 രൂപയും കോഴിക്കുഞ്ഞിന് 12 രൂപയും വര്‍ധിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ കോഴിക്ക് വില്‍പന നികുതിയില്ല. കേരളത്തില്‍ കോഴിക്ക് 14.5 ശതമാനം ആഢംബര നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.