ഗോവയില്‍ പെട്രോളിന് വെറും 55 രൂപ!!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (13:19 IST)
PRO
PRO
പൊതുജനങ്ങള്‍ക്കൊപ്പം, ഉമ്മന്‍‌ചാണ്ടി അടക്കം എല്ലാ മുഖ്യമന്ത്രിമാരും അറിയാന്‍ ബിജെപി ഭരിക്കുന്ന ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വെറും 55 രൂപ! പ്രകടനപത്രികയില്‍ പറഞ്ഞത് പൊള്ളയായ വാഗ്ദാനമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഗോവന്‍ സര്‍ക്കാര്‍. മൂല്യവര്‍ധിത നികുതി (വാറ്റ്)വെട്ടിക്കുറച്ചാണ് ഗോവന്‍ സര്‍ക്കാര്‍ പെട്രോളിന് വില കുറച്ചിരിക്കുന്നത്. ലിറ്ററിനു 11 രൂപയാണു മനോഹര്‍ പരീകര്‍ സര്‍ക്കാര്‍ കുറച്ചത്. ലിറ്ററിന് 66 രൂപയായിരുന്നു ഇവിടത്തെ വില.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിക്കുന്ന സ്ഥലമായി ഗോവ ഇതോടെ മാറി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി പെട്രോള്‍ 55 രൂപായ്ക്ക് നല്‍‌കും എന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ 68 രൂപയ്ക്ക് മേലെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 0.1 ശതമാനം മാത്രം വാറ്റ് ചുമത്തിയാണ് ഗോവയില്‍ പെട്രോള്‍ വില സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 14 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആശ്വസപ്രദമാണു തീരുമാനമെന്നു മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. യാത്രാക്കൂലി, വിലക്കയറ്റം തുടങ്ങി എല്ലാ മേഖലയിലും ഇതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും. മാത്രമല്ല വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 2011ല്‍ മാത്രം 5.33 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനകീയ നേതാവായ മനോഹര്‍ പരീകര്‍ മൂന്നാം തവണയാണു മുഖ്യമന്ത്രിയാകുന്നത്.